ഇന്ത്യന്‍ കലാവിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളും പരിഹാരവും- ബിനാലെയില്‍ ദ്വിദിന സമ്മേളനം

250

കൊച്ചി: രാജ്യത്തെ പ്രമുഖ ലളിതകലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെ വിലയിരുത്താന്‍ ഈ രംഗത്തെ അതികായര്‍ കൊച്ചിയിലെത്തും. കൊച്ചി-ബിനാലെ ഫൗണ്ടേഷന്റെ ഭാഗമായി നടക്കാന്‍ പോകുന്ന ദ്വിദിന സമ്മേളനത്തിന്റെ പ്രധാന അജണ്ട തന്നെ സ്റ്റുഡന്റ്‌സ് ബിനാാലെയുടെ മികവ് അളക്കുകയെന്നതാണ്. ഫോര്‍ട്ട്‌കൊച്ചി ഹോട്ടല്‍ അയാനയില്‍ മാര്‍ച്ച് 18, 19 തിയതികളിലാണ് സമ്മേളനം. ദി ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍ എന്നാണ് സമ്മേളനത്തിന് നല്‍കിയിരിക്കുന്ന പേര്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് എജ്യുക്കേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ടാറ്റാ ട്രസ്റ്റ്, ഷേര-ഗില്‍ സുന്ദരം ആര്‍ട്‌സ് ഫൗണ്ടേഷന്‍, അയാന ഹോട്ടല്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ക്യൂറേറ്റര്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ കല അധ്യയനത്തിലും ഉപദേശക സമ്മിതിയിലും അംഗങ്ങളായിരുന്ന നിരവധി പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എക്‌സിബിഷന്‍, പഠനം എന്നിവിയില്‍ സ്റ്റുഡന്റ്‌സ് ബിനാലെ നടത്തിയ ഇടപെടലുകള്‍ സമ്മേളനം വിലയിരുത്തും.

ഇന്ത്യയിലെ കലാധ്യയനത്തിന്റെ ചരിത്രം, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, സമകാലീന കലയെ അപഗ്രഥിക്കുന്നതിലും കലാധ്യയനത്തിലും ഉണ്ടായിരിക്കുന്ന വിടവുകള്‍ ക്യൂറേറ്റര്‍ ഇടപെടലുകളിലൂടെ പരിഹരിക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇതു കൂടാതെ കലാപഠന സ്ഥാപനങ്ങളും പ്രദര്‍ശനങ്ങളും ക്യൂറേഷനെ സഹായിക്കുന്നുണ്ടോയെന്ന പരിശോധനയും നടക്കും. കലാധ്യയനത്തിലെ വലിയ ചുവടുവയ്പായ സ്റ്റുഡന്റ്‌സ് ബിനാലെയെ വിലയിരുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് എഫ് ഐ സി എ ഡയറക്ടര്‍ വിദ്യ ശിവദാസ് പറഞ്ഞു. ഉപദേശകര്‍, സാമ്പത്തിക സഹായം ചെയ്യുന്നവര്‍, ക്യൂറേറ്റര്‍മാര്‍, അധ്യാപകര്‍, സംഘാടകര്‍ എന്നിവര്‍ ഒരുമിക്കുന്നതിലൂടെ രാജ്യത്തെ കലാപഠന സ്ഥാപനങ്ങളുടെ പ്രസക്തിയെപ്പറ്റി ദേശീയ തലത്തില്‍ തന്നെ വിശകലനം ചെയ്യാന്‍ കഴിയും. സ്റ്റുഡന്റ്‌സ ബിനാലെയുടെ 15 ക്യൂറേറ്റര്‍മാരിലൊരാളാണ് വിദ്യ. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, അധ്യയന ഉപദേശക മീന വാരി എന്നിവരും വിശകലന പാനല്‍ അംഗങ്ങളാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമിതി അംഗങ്ങള്‍ 15 മിനുട്ട് വീതമുള്ള വിഷയാവതരണം നടത്തും. അതിനു ശേഷം ഓരോ മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നാല് സമിതികളുടെ ചര്‍ച്ചകളാണ് സ്റ്റുഡന്റ്‌സ് ബിനാലെ, രാജ്യത്തെ കലാപഠന സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാവിയെക്കുറിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിനു മുമ്പായി എല്ലാ പ്രാസംഗികര്‍ക്കും കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങളുടെ ഗൈഡഡ് ടൂര്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 55 ആര്‍ട്ട് കോളേജുകളില്‍ നിന്നായി 465 വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ഷില്ലോംഗില്‍ നിന്ന് സൂറത്ത് വരെയും, കശ്മീരില്‍ നിന്ന കാലടിവരെയുമുള്ള വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളാണ്. മട്ടാഞ്ചേരിയിലെ ചരിത്രപ്രധാനമായ 7 വേദികളിലായാണ് പ്രദര്‍ശനം. ബിനാലെ മൂന്നാം ലക്കത്തോടൊപ്പം തന്നെ സ്റ്റുഡന്റ്‌സ് ബിനാലെയും മാര്‍ച്ച് 29ന് സമാപിക്കും.

NO COMMENTS

LEAVE A REPLY