കൊച്ചി: നയതന്ത്രങ്ങള്‍ക്കപ്പുറം രാജ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങളുണ്ടെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷക സമ്മേളനം ചൂണ്ടിക്കാട്ടി. നയതന്ത്രത്തിന് വിവിധ തലങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് കലാ-സാംസ്‌കാരിക ബന്ധം. ഈ പ്രാധാന്യം മനസിലാക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. ചരിത്രപരമായ മാറ്റത്തിന്റെ വര്‍ത്തമാന കാലഘട്ടത്തില്‍ കോളനിവല്‍ക്കരണം ഇല്ലാതാക്കിക്കൊണ്ടുള്ള ഏഷ്യയുടെ ഭാവി’ എന്ന വിഷയത്തിലാണ് രണ്ട് ദിവസം നീളുന്ന സിമ്പോസിയം ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡില്‍ നടക്കുന്നത്. ഇന്റര്‍ ഏഷ്യ സ്‌കൂള്‍, ഹോങ്കോങ് ആസ്ഥാനമായ മൂഞ്ചു ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സിമ്പോസിയം സംഘടിപ്പിച്ചിട്ടുള്ളത്.
പാശ്ചാത്യര്‍ അടിച്ചേല്‍പ്പിച്ച കാര്യങ്ങളെ മായ്ച്ചുകളയുകയല്ല കോളനിവല്‍കരണം ഇല്ലാതാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇന്റര്‍ ഏഷ്യ സ്‌കൂളിലെ സാംസ്‌കാരിക ഗവേഷകന്‍ പ്രൊഫ സങ് ഗേ ചൂണ്ടിക്കാട്ടി. മറിച്ച് കോളനിവത്കരണത്തിന്റെ പ്രശ്‌നങ്ങളില്‍നിന്നുള്ള പരിഹാരം കാണലാണ്. ദക്ഷിണേഷ്യയിലെ ബുദ്ധിജീവികളില്‍ പൊതുവായി കാണുന്ന ഒന്നാണ് ദേശീയത. അത് പുറത്തുനിന്നു വന്നതല്ല, മറിച്ച് നമ്മുടെ ഉള്ളില്‍തന്നെ ഉറങ്ങിക്കിടന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോളനിവത്കരണത്തില്‍നിന്ന് എങ്ങിനെ പുറത്തു കടക്കാമെന്നതാണ് ഇന്ത്യയും ചൈനയും നേരിടുന്ന പൊതുവായ പ്രശ്‌നമെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസിലെ പ്രൊഫ ആദിത്യ നിഗം പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ നടന്ന സമരങ്ങളെല്ലാം ഇരു രാജ്യങ്ങളിലും 19, 20 നൂറ്റാണ്ടുകളില്‍ തുടങ്ങി. ഭൗതികമായ കോളനിവത്കരണത്തില്‍നിന്നും നാം പുറത്തുവന്നെങ്കിലും മാനസികമായ ചിന്തകളിലും വീക്ഷണത്തിലും നാം കൊളോണിയല്‍ സാഹചര്യങ്ങളില്‍നിന്നു മാറേണ്ടതുണ്ട്.
ദേശീയതയുടെ തെറ്റായ പാതയാണ് ഇന്ന് കാട്ടിത്തരുന്നതെന്ന് പ്രൊഫ നിഗം പറഞ്ഞു. സ്വയം ഒതുങ്ങിനിന്നതല്ല ഏതൊരു രാജ്യത്തെയും ദേശീയത എന്ന് ഉറക്കെ പറയേണ്ടതുണ്ട്. കോളനിവത്കരണവും ദേശീയതയെ മുന്‍നിറുത്തിയായിരുന്നു. അതിനെതിരെയുള്ള പോരാട്ടവും ദേശീയതയില്‍ ഊന്നി തന്നെ. എങ്കിലും താഴേത്തട്ടിലേക്കു വരുമ്പോള്‍ ദേശീയത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉയര്‍ന്നവന്നിരുന്നു. എന്നാല്‍ അതെല്ലാം ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല. ടാഗോര്‍, അംബേദ്കര്‍, ഇക്ബാല്‍ എന്നിവരുടെ ദേശീയതയും അതിനോടുള്ള വീക്ഷണവും വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലും ഇന്ത്യയിലും പാശ്ചാത്യസംസ്‌കാരത്തെ പൂര്‍ണമായും ഒഴിവാക്കുന്നില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. കോളനിവത്കരണത്തില്‍ നിന്ന് ഒഴിവാകാന്‍ ഏഷ്യ ശ്രമിക്കുന്നുണ്ടെങ്കില്‍കൂടി അവസാനം അത് പാശ്ചാത്യമായി തന്നെ പരിണമിക്കുകയാണെന്നും സങ് ഗേ ചൂണ്ടിക്കാട്ടി. ചര്‍ച്ചയിലുടനീളം ഇന്ത്യ-ചൈന സംസ്‌കാരങ്ങളുടെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പങ്കെടുത്ത ഗവേഷകര്‍ ശ്രമിച്ചത്. ഇക്കാലയളവില്‍ ഇരു രാജ്യങ്ങളിലും ഉണ്ടായ ബൗദ്ധികപരമായ ഉന്നമനവും ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളിലെയും അക്കാദമിക സമൂഹം തമ്മിലുള്ള ആശയവിനിമയത്തിന്റെ കുറവ് പരിഹരിക്കുന്ന നടപടികളും സിമ്പോസിയം ചര്‍ച്ച ചെയ്യുന്നുണ്ട്. സിമ്പോസിയം ശനിയാഴ്ച(ഇന്ന്) സമാപിക്കും.