കൊച്ചി: അനശ്വര സംഗീത ശില്‍പ്പിയായ ദേവരാജന്‍ മാസ്റ്ററുടെ പിറന്നാള്‍ സ്മരണയില്‍ ഗാനാഞ്ജലിയൊരുക്കി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 136ാം ലക്കം സാര്‍ഥകമായി. ചൊവ്വാഴ്ചയായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ പിറന്നാള്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന സംഗീതവിരുന്നില്‍ അനുമരിയ റോസ്, സന്തോഷ് ഞാറയ്ക്കല്‍ എന്നീ യുവഗായകരാണ് ആസ്വാദകരില്‍ ദേവരാജ സ്മരണയുണര്‍ത്തിയത്. സംഗീത സംവിധായകനായ സെബി നായരമ്പലം പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ ചേര്‍ന്നാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.
ആദ്യഗാനം അനുമരിയ ആലപിച്ച, ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍…… എന്ന ഭക്തിഗീതമായിരുന്നു. തുടര്‍ന്ന് മെഡ്‌ലേയുമായെത്തിയ അനു, ദേവരാജന്‍ മാസ്റ്റര്‍-വയലാര്‍ കൂട്ടുകെട്ടിന്റെ അനശ്വര ഗാനമായ ചക്കരപ്പന്തലില്‍… പാടി കാതുകളെ കുളിരണിയിച്ചു.കലാഭവന്‍ മണിയുടെ ഓര്‍മകളില്‍ മുങ്ങി, മിന്നാമിനുങ്ങേ…… പാടി സന്തോഷ് തുടങ്ങി. മൈനാഗം, ആനന്ദ മഹലില്‍ യേശുദാസ് പാടിയ നിസ ഗമ പനി ……ദേവരാജന്‍ മാസ്റ്ററുടെ ശ്രാവണ ചന്ദ്രിക.., കാത്തിരുന്നു കാത്തിരുന്നു.., തമിഴ് ഗാനമായ ഏതേതോ…, എന്നിവയ്‌ക്കൊപ്പം ആജ് ഭീ മേരേ……, ജിയാ ജിയാ… എന്നീ ഗസലുകളും അനു ആലപിച്ചു.ഒടുവിലെ മെഡ്‌ലേയില്‍ വാര്‍മുകിലേ.., പറയാന്‍ മറന്ന പരിഭവങ്ങള്‍…, പ്രമദവനം… വീണ്ടും എന്നിവയും അനു കേള്‍പ്പിച്ചു. ചാനല്‍ റിയാലിറ്റി ഷോയില്‍ സെമി ഫൈനല്‍ വരെയെത്തിയിട്ടുള്ള അനു മരിയ ഏതാനും ചിത്രങ്ങളിലും പിന്നണി ഗായികയായി. പാലാ കമ്യൂണിക്കേഷന്‍ ഓര്‍ക്കസ്ട്രയിലെ ഗായകനായ സന്തോഷ് ഞാറയ്ക്കല്‍, കണ്ണേ കലൈമാനേ.., മോഹം കൊണ്ടു ഞാന്‍.., ഹം തുംസെ പ്യാര്‍… എന്നീ ഗാനങ്ങളും പാടി.