കൊച്ചി: പതിനാല് ഭാഷകളിലെ ആലാപനത്തിലൂടെ ആസ്വാദകര്‍ക്ക് ഹരം പകരുന്ന ‘മറഡോണ ഗായകന്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ആന്റണി ജനറല്‍ ആശുപത്രിയിലെ ബിനാലെ ‘ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍’ പരിപാടിയില്‍ തന്റെ ഭാഷാപ്രവിണ്യം ഗാനങ്ങളിലുടെ പകര്‍ന്നുനല്‍കി. പ്രശസ്ത അമേരിക്കന്‍ കണ്‍ട്രി ഗായകനായ ജിം റീവ്‌സിന്റെ ‘മേ ഗോഡ് ബ്ലെസ് ആന്‍ഡ് കീപ് യു’ എന്ന ഗാനത്തോടെയാണ് ചാള്‍സ് തന്റെ ഗാനോപഹാരത്തിന് തുടക്കമിട്ടത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി മന്ത്രി ജെ.ജയലളിതയ്ക്കും ക്യൂബ മുന്‍ രാഷ്ട്രത്തലവന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അതതു ഭാഷകളിലെ ഗാനങ്ങളും അദ്ദേഹം ആലപിച്ചു. ഒരു ഭാഷയില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ഗാനങ്ങളിലൂടെ ചാള്‍സ് തെന്നിനീങ്ങിയപ്പോള്‍ ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെല്ലാം അതൊരു നവ്യാനുഭവമായി.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം പാടിയതുകൊണ്ടാണ് മറഡോണ ഗായകന്‍ എന്ന് ചാള്‍സ് അറിയപ്പെടുന്നത്. തന്റെ സന്തത സഹചാരികളായ ഗിറ്റാറും മൗത്ത് ഓര്‍ഗനുമായി ജനറല്‍ ആശുപത്രിയിലെത്തിയ ചാള്‍സ് ജിംഗിള്‍ ബെല്ലിലൂടെ സീസണിന്റെ വരവുമറിയിച്ചു. ശ്രോതാക്കളെയും അദ്ദേഹം പാടാനായി വേദിയിലേക്ക് ക്ഷണിച്ചു. മലയാളം ഗാനങ്ങള്‍ക്കായി സെല്‍വരാജും സാജനും ചാള്‍സിനൊപ്പമുണ്ടായിരുന്നു. ശ്രോതാക്കളുടെ അപേക്ഷപ്രകാരം സാന്ത്വനഗാനമായ കണ്ണേ കലൈമാനേ.. ആലപിച്ചാണ് അദ്ദേഹം ഒന്നര മണിക്കൂര്‍ നീണ്ട പരിപാടി അവസാനിപ്പിച്ചത്. 146 പതിപ്പുകള്‍ പിന്നിട്ട ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ആശുപത്രി എന്നിവയുമായി ചേര്‍ന്നാണ് നടത്തുന്നത്.
ഔപചാരികമായ പഠനത്തിന്റെ അകമ്പടിയില്ലാതെ സംഗീതലോകത്ത് കാലുകുത്തിയ ചാള്‍സ് ഏകാംഗ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, മെക്‌സിക്കന്‍, ഹീബ്രു, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം ചാള്‍സിന് ഇന്ന് അനായാസം പാടാന്‍ കഴിയുന്നുണ്ട്. സൗദിയില്‍ ഫൈസല്‍ രാജകുമാരന്‍ സംഘടിപ്പിച്ച സല്‍ക്കാര ചടങ്ങില്‍ പാടാന്‍ ക്ഷണം ലഭിച്ചത് വലിയ ബഹുമതിയായായാണ് ചാള്‍സ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ യൂറോപ്പില്‍ നടന്ന മള്‍ട്ടികള്‍ചറല്‍ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഏക ഗായകനായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗാനാലാപനം നടത്തുന്ന ചാള്‍സിന് ഇതുമായി ബന്ധപ്പെട്ട് നിരവധി വിദേശരാഷ്ട്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്നും ഏത് ആസ്വാദകനും അത് സാന്ത്വനവും സംതൃപ്തിയും നല്‍കുന്നതാണെന്നും ചാള്‍സ് പറഞ്ഞു. ജനറലാശുപത്രിയിലെ രോഗികള്‍ക്ക് തന്റെ പാട്ടുകളിലൂടെ ആശ്വാസം പകരാന്‍ കഴിഞ്ഞതിനപ്പുറം വലിയ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.