കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 185-ാമത് ലക്കത്തില്‍ പാടാനെത്തിയത് മനുഷ്യാവകാശത്തിന്റെ കേരളത്തിലെ മുഖമായ പി മോഹനദാസ്. രോഗികളുടെ മനുഷ്യാവകാശത്തില്‍ മാനസികോല്ലാസത്തിനുള്ള സ്ഥാനം നന്നായി അറിയുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി പങ്കാളികളുടെ താരമൂല്യം കൊണ്ടും പുതുമ കൊണ്ടും ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് (കാഫ്‌സ്) എന്നിവ സംയുക്തമായാണ് ആര്‍ഡ്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുന്നത്.
കേരള ഹൈക്കോടതിയിലെ സംഗീതാസ്വാദകരായ ഒരു കൂട്ടം അഭിഭാഷകരാണ് സംസ്ഥാനാ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായിരന്ന പി മോഹനദാസിനൊപ്പം ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പാടാനെത്തിയത്. കോടതി നടപടികളില്‍ മാത്രമല്ല, സംഗീതത്തിലും തങ്ങള്‍ മികവു പുലര്‍ത്തുന്നുവെന്ന് 16 പാട്ടുകളിലൂടെ അവര്‍ തെളിയിച്ചു. വാകപ്പൂമണമുള്ള.. എന്നു തുടങ്ങുന്ന ഗാനത്തോടെ മോഹനദാസാണ് പരിപാടി തുടങ്ങിയത്. അദ്ദേഹത്തെ കൂടാതെ അഭിഭാഷകരായ രാജശ്രീ, സബിത, ഗോകുല്‍ദാസ്, വിപിന്‍ദാസ്, റിജ സുമന്‍, മാലിനി കെ മേനോന്‍, സനല്‍ കുഞ്ഞച്ചന്‍ എന്നിവരും, ആര്‍ ശിവാനി, സുമേഷ് അയിരൂര്‍, മാക്‌സി ചാര്‍ളി എന്നീ ഗായകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
മാലിനി കെ മേനോനോടൊപ്പം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം.. എന്ന ഹിറ്റ് ഗാനവും മോഹനദാസ് പാടി. മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം എല്‍ എ, ഗാനരചയിതാവ് ആര്‍ കെ ദാമോദരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പലതവണ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കാണികളില്‍ സംഗീതത്തോടുള്ള ആവേശം കുറയുന്നില്ലെന്നത് ശ്രദ്ധേയമാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. സംഗീത സാന്ത്വനത്തിന്റെ ഈ പരിപാടി ഇത്രയും കാലമായി തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ സംഘാടകര്‍ കാണിക്കുന്ന താത്പര്യത്തെ ഹൈബി ഈഡന്‍ എംഎല്‍എ ശ്ലാഘിച്ചു.