കൊച്ചി: പ്രശസ്തി മാത്രമല്ല, പാടിത്തെളിയുന്നതാണ് സംഗീത മാധുര്യത്തിന്റെ അളവു കോലെന്ന് തെളിയിച്ചുകൊണ്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ ഒരു ലക്കം സാന്ത്വന സംഗീതം കൂടി. ആല്‍ബങ്ങളിലൂടെ മൂവായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള പെരുമ്പാവൂര്‍ സ്വദേശി ഷൈന്‍ കുമാര്‍, ടിവി പരിപാടികളിലെ നിറ സാന്നിദ്ധ്യമായ അശ്വതി കെ എസ്, സാമൂഹ്യസേവനത്തിനായി തെരുവില്‍ പാട്ടുകള്‍ പാടുന്ന എന്‍ജിനീയര്‍ കൂടിയായ മണി ടി കെ, പ്രശാന്ത് ഇ.കെ എന്നിവരാണ് ഇന്നലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 187-ാമത് ലക്കത്തില്‍ പങ്കെടുത്തത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് ബുധനാഴ്ചതോറും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ചു വരുന്നത്.
രണ്ട് തമിഴ് ഗാനങ്ങളുള്‍പ്പെടെ പതിനഞ്ച് പാട്ടുകളാണ് നാലു ഗായകരും ചേര്‍ന്ന് പാടിയത്. കേരളം കേരളം എന്ന ഗാനത്തോടെ ഷൈനാണ് പരിപാടി തുടങ്ങിയത്. അമ്മ എന്‍ട്രലയ്ക്കാത ഉയിര്‍ ഇല്ലയെ, പ്രമദവനം, മേഘം പൂത്തു തുടങ്ങി, ഹരിമുരളീ രവം, ഹൃദയസരസിലെ, എന്നീ ഗാനങ്ങള്‍ ഷൈന്‍ പാടി. ആകാശദീപമെന്നുമുണരുമിടമായോ, ഓലഞാലിക്കുരുവീ, എന്നീ യുഗ്മഗാനങ്ങള്‍ അശ്വതിക്കൊപ്പവും, വെള്ളൈ പുറവെ, അകലെ അകലെ നീലാകാശം എന്നീ ഗാനങ്ങള്‍ മണിക്കൊപ്പവുമാണ് ഷൈന്‍ പാടിയത്. മോഹം കൊണ്ടു ഞാന്‍, കദളീ ചെങ്കദളീ എന്നീ ഗാനങ്ങള്‍ അശ്വതി പാടിയപ്പോള്‍ ആകാശ ഗോപുരം എന്ന ഗാനം പ്രശാന്താണ് പാടിയത്. മഞ്ഞണിക്കൊമ്പില്‍, സന്ധ്യേ കണ്ണീരിലെന്തെ എന്നിവ മണിയുടെ വകയായും എത്തി.