കൊച്ചി : ഗസല്‍ ആസ്വാദകരില്‍ മലയാളത്തിന്‍റെ മധുരം നിറച്ച അനശ്വര ഗായകന്‍ ഉമ്പായിയുടെ സ്മരണയ്ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ഗാനാഞ്ജലിയുമായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ്, സിപിഐ(എം) നേതാവ് എംഎം ലോറന്‍സ്, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറി കെ എ ഹുസൈന്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഉമ്പായിക്ക് ആദരം അര്‍പ്പിക്കാനായി പരിപാടിയില്‍ സന്നിഹിതരായി.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 231-ാമത് ലക്കമായിരുന്നു ബുധനാഴ്ച. ആര്ട്സ് ആന്‍ഡ് മെഡിസിനുമായി സന്തോഷപൂര്‍വം സഹകരിച്ചിരുന്ന വ്യക്തിയായിരുന്നു ഉമ്പായി. ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ച കൊച്ചി ഗസല്‍ പരിപാടി ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.
ആര്‍ട്സ് ആന്‍ഡ് മെഡിസിനുമായി സഹകരിച്ചു വരുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായി ബോസ് കൃഷ്ണമാചാരി അറിയിച്ചു. ഈ സദ്പ്രവൃത്തിക്ക് അവസരം തന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ബോസ് നന്ദി പറഞ്ഞു. ഗായകരായ ജൂനിയര്‍ മെഹ്ബൂബ്, അബ്ദുള്‍ സലാം, മജീദ് അലി, നൗഷാദ് സുലൈമാന്‍, യഹിയ അസീസ് കൊല്‍ക്കത്ത സ്വദേശിയായ റിത്ത ചക്രവര്‍ത്തി എന്നിവരാണ് പാടിയത്. ഉമ്പായിയുടെ ഗസലിന്‍റെ ആരാധികയായ റീത്ത പരിപാടിയ്ക്കെത്തി സംഘാടകരോട് പ്രത്യേകം അനുമതി വാങ്ങിയാണ് പാടിയത്.
ബംഗാളി നാടോടി ഗാനത്തിനു പുറമെ റീത്ത പാടിയ പത്തു പാട്ടുകളും മലയാള ഗസല്‍ ഗാനങ്ങളായിരുന്നു. മഴയില് കുളിച്ച കുളിച്ച മരങ്ങളെ…, എന്ന ഗാനത്തോടെ ജൂനിയര്‍ മെഹ്ബൂബാണ് പരിപാടി തുടങ്ങിയത്. ഇതു കൂടാതെ പിരിയുവാന്‍ നേരത്ത് കാണുവാന്‍…, എന്ന ഗാനവും അദ്ദേഹം ആലപിച്ചു. അമ്മേ സര്‍വ്വം സഹേ…, എത്ര സുധാമയം.., എന്നീ ഗാനങ്ങള്‍ പാടിയത് സലാമാണ്. ഉമ്പായിയുടെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ പാടുക സൈഗാള്‍ പാടൂ.., ഒരു നോക്ക് കാണുവാനായ്…, എന്ന ഗാനവും യഹിയ പാടി. കിനാവിനെന്തിന് പരിഭവങ്ങള്‍…, എന്ന ഗാനം ആലപിച്ചത് മജീദാണ്. വീണ്ടും പാടാം സഖീ…, എന്ന ഗാനം നൗഷാദ് പാടി.