മുഹമ്മദ് റാഫി ഗാനങ്ങളുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

430

കൊച്ചി: ആകെ അവതരിപ്പിച്ച ഗാനങ്ങളില്‍ പകുതിയിലേറെയും മുഹമ്മദ് റാഫി പാടിയത്. മലയാളിക്ക്, പ്രത്യേകിച്ചും കൊച്ചിക്കാര്‍ക്ക് മുഹമ്മദ് റാഫിയോടുള്ള പ്രിയം രഹസ്യമല്ല. ഈ ആസ്വാദന നിലവാരത്തെ തൃപ്തിപ്പെടുത്തുന്നതായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍.കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 139-ാമത് ലക്കമായിരുന്നു ഇന്നലെ. സ്റ്റേജ്‌ഷോകളിലെ സ്ഥിരം സാന്നിദ്ധ്യമായ കൊച്ചിന്‍ ആസാദ്, ആശാ രവീന്ദ്രനാഥ്, യഹ്യ അസീസ് എന്നിവരാണ് സംഗീത പരിപാടി അവതരിപ്പിച്ചത്.റാഫി ഗാനങ്ങളിലൂടെ നിരവധി സ്റ്റേജുകളില്‍ ആരാധകരെ സൃഷ്ടിച്ച ആസാദ് തന്നെയാണ് ആദ്യ ഗാനം ആലപിച്ചത്. ബഡി ദൂര്‍സെ ആയെ ഹൈ പ്യാര്‍കാ. എന്ന ഗാനത്തില്‍ തുടങ്ങി എട്ടു റാഫി ഗാനങ്ങളാണ് ആസാദ് പാടിയത്. ഇതില്‍ ആശയ്‌ക്കൊപ്പം പാടിയ രണ്ട് ഗാനങ്ങളും പെടും.ആറ് മലയാള ഗാനങ്ങള്‍ മാത്രമാണ് സംഘം പാടിയത്. സുറുമയെഴുതിയ മിഴികളെ, കുങ്കുമപ്പൂക്കള്‍ പൂത്തു, വാസന്ത പഞ്ചമി നാളില്‍, ചെമ്പകതൈകള്‍ പൂത്തു, നാദബ്രഹ്മത്തിന്‍, നീ മധുപകരൂ എന്നിവ. ലത മങ്കേഷ്‌കറുടെ ആപ് കി നസരോംനെ സംഝാ, ആനന്ദ് മഹലില്‍ യേശുദാസ് പാടിയ നിസ ഗമ, പനി എന്നീ പാട്ടുകളും പരിപാടിയില്‍ ആലപിച്ചു.

NO COMMENTS

LEAVE A REPLY