കൊച്ചി: ഇന്ത്യന്‍സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാസറ്റുകള്‍ വിറ്റു പോയ റോജ എന്ന ചിത്രത്തിലെ ഗായിക മിന്‍മിനി എറണാകുളം ജനറലാശുപത്രിയിലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ സാന്ത്വനഗീതങ്ങളുമായെത്തി. എ.ആര്‍ റഹ്മാനെ സംഗീതത്തിലെ ഇതിഹാസമാക്കി മാറ്റിയ ആ സിനിമയ്‌ക്കൊപ്പം പ്രശസ്തിയുടെ കൊടുമുടി കയറിയ മിന്‍മിനി ലോകം മുഴുവന്‍ സുഖം പകരാന്‍… എന്ന ഗാനത്തോടെ പരിപാടിക്ക് തുടക്കമിട്ടത് അര്‍ഥവത്തായി. മിന്‍മിനിയുടെ ശബ്ദത്തിനുവേണ്ടി സംഗീതപ്രേമികള്‍ കാതോര്‍ത്തിരിക്കെയായിരുന്നു അസുഖം ആ നാദധാരയ്ക്ക് തടയിട്ടത്. ശബ്ദം നഷ്ടപ്പെട്ട ഈ അനുഗ്രഹീത ഗായികയ്ക്ക് ഒപ്പം നഷ്ടപ്പെട്ടത് വിലപ്പെട്ട 18 വര്‍ഷങ്ങളായിരുന്നു. അന്ന് മിന്‍മിനിക്ക് സാന്ത്വനമായി നിന്ന ഭര്‍ത്താവ് ജോയി മാത്യുവിന്റെ പിന്തുണയാണ് വര്‍ഷങ്ങള്‍ക്കുശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചു വരാന്‍ സഹായകമായത്. ഇതേ സാന്ത്വനം തന്നെയായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിക്കാനെത്തിയപ്പോള്‍ മിന്‍മിനി രോഗികളും കൂട്ടിരിപ്പുകാരുമടങ്ങുന്ന ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കിയത്.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 140-ാമത് ലക്കമായിരുന്നു മിന്‍മിനി അവതരിപ്പിച്ചത്. ജോയി മാത്യുവുമൊത്ത് എത്തിയ മിന്‍മിനി എത്തിയത് റോജയിലെ ‘ചിന്ന ചിന്ന ആശൈ’ അടക്കം 7 ഗാനങ്ങള്‍ ആലപിച്ചു. യാഹ്യ അസീസും ജൂനിയര്‍ മെഹ്ബൂബും ഇവര്‍ക്കൊപ്പം പരിപാടിയില്‍ ചേര്‍ന്നു.രോഗം വരുമ്പോള്‍ സാന്ത്വനത്തിനുള്ള പ്രാധാന്യമെന്തെന്ന് തനിക്ക് നന്നായറിയാമെന്ന് മിന്‍മിനി പറഞ്ഞു. മികച്ച പിന്തുണയുമായി ഭര്‍ത്താവുണ്ടായിരുന്നതുകൊണ്ട് ഗാനാലാപന രംഗത്തേക്ക് തിരികെ വരാനായി. എന്നാല്‍ അത്തരം അവസരം കിട്ടാത്തവര്‍ക്കുള്ള ഏറ്റവും വലിയ കൈത്താങ്ങാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ എന്ന് മിന്‍മിനി ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ പ്രതീക്ഷയും രോഗശാന്തിയും പകര്‍ന്നു നല്‍കാന്‍ സംഗീതത്തോളം നല്ല മരുന്നില്ലെന്നും മിന്‍മിനി പറഞ്ഞു. അതിനാല്‍തന്നെ തന്റെ ജീവിതത്തിലെ സാര്‍ത്ഥകമായ അധ്യായമാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിനെന്നും അവര്‍ പറഞ്ഞു.സിനിമയുടെ തിരക്കുകളില്‍ നിന്നുമാറി ജോയ്‌സ് അക്കാദമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തുകയാണ് മിന്‍മിനി ഇപ്പോള്‍. 2015 ല്‍ ഗോപീ സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ മിലി സിനിമയിലെ കണ്‍മണിയേ.. എന്ന ഗാനം വീണ്ടും ഹിറ്റിന്റെ വസന്തം സൃഷ്ടിച്ചു. ഏഴു ഭാഷകളിലായി 2000 ഓളം പാട്ടുകള്‍ പാടിയ മിന്‍മിനിയുടെ ജീവിതത്തിലെ ഇടവേള അവരുടെ പ്രതിഭയെ തരിമ്പും ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവ് കൂടിയായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍.