ന്യൂഡല്‍ഹി > ഇടഞ്ഞുനിന്ന കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ എല്‍ജെപിയെ ബിഹാറില്‍ ആറ‌് ലോക‌്സഭാ സീറ്റ‌് നല്‍കി എന്‍ഡിഎ അനുനയിപ്പിച്ചു. എല്‍ജെപിക്ക‌് ഒരു രാജ്യസഭാ സീറ്റും ലഭിക്കും. ബിജെപിയും നിതീഷ‌് കുമാറിന്റെ ജെഡിയുവും 17 വീതം സീറ്റുകളില്‍ മത്സരിക്കും. 40 ലോക‌്‌സഭാ മണ്ഡലങ്ങളാണ‌് ബിഹാറില്‍ ആകെയുള്ളത‌്. ഉപേന്ദ്ര കുശ‌്വാഹയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍എസ്‌പി, എന്‍ഡിഎ സഖ്യം വിട്ടതിനുപിന്നാലെയാണ‌് സീറ്റ് വിഭജനത്തെച്ചൊല്ലി എല്‍ജെപിയും രംഗത്തെത്തിയത‌്.
ബിജെപി അധ്യക്ഷന്‍ അമിത‌് ഷായും ധനമന്ത്രി അരുണ്‍ ജെയ‌്റ്റ‌്‌ലിയും ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയാണ‌് പസ‌്വാനെ അനുനയിപ്പിച്ചത‌്. ഞായറാഴ‌്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായാണ് തീരുമാനം പ്രഖ്യാപിച്ചത്.എല്‍ജെപിക്ക് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ രാംവിലാസ് പസ‌്വാനാകും മത്സരിക്കുക.
ഹാജിപുര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയായ പസ‌്വാന്‍ സ്ഥാനം രാജിവച്ച് അസമില്‍നിന്ന് രാജ്യസഭയിലെത്തുമെന്നാണ് സൂചന. എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയ ജെഡിയുവും ബിജെപിയും തുല്യ എണ്ണം സീറ്റുകളില്‍ മത്സരിക്കുമെന്ന‌് അമിത‌് ഷാ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ, എല്‍ജെപിക്ക‌് എത്ര സീറ്റ‌് എന്നത‌് 31നു മുമ്ബ‌് പ്രഖ്യാപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് നേതൃത്വം രംഗത്തെത്തി. നോട്ടുനിരോധനത്തിലെ നേട്ടം ചോദ്യം ചെയ‌്ത‌് അരുണ്‍ ജെയ‌്റ്റ‌്‌ലിക്ക‌് കത്തയച്ച‌് ചിരാഗ‌് പസ്വാനും പരസ്യമായി പ്രതിഷേധിച്ചു. പാര്‍ടികള്‍ സഖ്യം വിടുന്നത‌് ബുദ്ധിമുട്ട‌് സൃഷ‌്ടിക്കുമെന്ന വിലയിരുത്തലിലാണ‌് ബിജെപി അനുനയത്തിനിറങ്ങിയത‌്.