പട്ന • മാഫിയ തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ ബിഹാര്‍ പൊലീസ് രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ ബിസിനസുകാരനായ ബാബുലാല്‍ ശര്‍മയുടെ മക്കളായ സുരേഷ് ശര്‍മ, കപില്‍ ശര്‍മ എന്നിവരെ പട്ന വിമാനത്താവളത്തില്‍ നിന്നു കഴിഞ്ഞ 22ന് ആണു തട്ടിക്കൊണ്ടുപോയത്. പണം ലക്ഷ്യമിട്ടായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണു ബന്ധുക്കള്‍ സംശയിക്കുന്നത്. കിഴക്കന്‍ ബിഹാറിലെ ലഖിസരായിയിലെ വനപ്രദേശത്തുള്ള ഒളിത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണു യുവാക്കളെ കണ്ടെത്തിയതെന്ന് എഡിജിപി സുനില്‍കുമാര്‍ വ്യക്തമാക്കി. പൊലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത നീക്കത്തില്‍ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണു യുവാക്കളെ മോചിപ്പിച്ചതെന്നു പട്ന എസ്‌എസ്പി മനു മഹാരാജ് പറഞ്ഞു. സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായതായും ചിലര്‍ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
പ്രതികളില്‍നിന്നു നാലു തോക്കുകള്‍, വെടിയുണ്ടകള്‍, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തിട്ടുണ്ട്. യുവാക്കളെ കണ്ടെത്തിയ പ്രദേശം മാവോയിസ്റ്റ് സ്വാധീന മേഖലയായതിനാല്‍ തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ അവരാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് എഡിജിപി വ്യക്തമാക്കി. നാലഞ്ചുപേരുള്ള സായുധസംഘം തടവിലിട്ടു നിരന്തരം മര്‍ദിച്ചതായി യുവാക്കള്‍ പറഞ്ഞു. മുംഗേറിലെ ഒരു നിര്‍മാണ കരാറുമായി ബന്ധപ്പെട്ട്, പരിചയമുള്ളവരാണ് യുവാക്കളെ പട്നയിലേക്കു വരുത്തിയതെന്നു സൂചനയുണ്ട്. വിമാനത്താവളത്തില്‍ നിന്നു വാഹനത്തില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. മാവോയിസ്റ്റുകളുടെ ഒളിപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഡല്‍ഹി മാറുന്നുവെന്ന സൂചനകള്‍ക്കിടെ നടന്ന സംഭവം പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്.