പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്കെതിരെ പാര്‍ട്ടി നടപടി. അച്ചടക്ക നടപടിയെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതി ശുപാര്‍ശ ചെയ്തു. ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ നടപടി അംഗീകരിക്കും.
ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് മന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്നായിരുന്നു ബിജിമോളുടെ പ്രസ്താവന. തെരഞ്ഞെടുപ്പിന് ശേഷം ഒരു വാരികക്ക് നല്‍കിയ അഭിമുഖം വലിയ വിവാദമായി.സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആരോപണം കൂടിയായതോടെ പാര്‍ട്ടിക്കകത്ത് ബിജിമോള്‍ക്കെതിരെ കടുത്ത വിമര്‍ശനമായി. ജില്ലാ നേതാക്കളേയും സംസ്ഥാന നേതൃത്വത്തേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിലാണ് ഇപ്പോള്‍ നടപടി വരുന്നത്. മാത്രമല്ല മന്ത്രിയായേക്കുമെന്ന മുന്‍കൂര്‍ പ്രചരണവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു. വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന ബിജിമോളുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് സിപിഐ നിര്‍വ്വാഹക സമിതി വിലയിരുത്തി.സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. നാളെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ നടപടി അംഗീകരിക്കും. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.