ആലപ്പുഴ: ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ സി.പി.ഐ തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തല്‍. ഗോഡ്ഫാദര്‍ പരാമര്‍ശത്തിന്റെ പേരിലാണ് നടപടിആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിജിമോള്‍ക്കെതിരായ നടപടി അംഗീകരിച്ചു. വിഷയത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും സംസ്ഥാന എക്സിക്യൂട്ടീവിലെ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു. പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് മന്ത്രിയാകാന്‍ കഴിയാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് നടപടിക്ക് ഇടയാക്കിയത്. ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന ബിജിമോളുടെ പ്രസ്താവന വിവാദമായിരുന്നു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ പ്രസ്താവന നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ അവര്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടി നോട്ടീസിന് നല്‍കിയ മറുപടിയിലായിരുന്നു ഖേദപ്രകടനം. താന്‍ പറഞ്ഞതെന്ന പേരില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അച്ചടിക്കപ്പെട്ടുവെന്നും അനൗപചാരിക സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് അച്ചടിച്ചു വന്നതെന്നും ഇത് പ്രസിദ്ധീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അവര്‍ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ മൊത്തത്തില്‍ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന ആരോപണമാണ് ബിജിമോള്‍ക്കെതിരെ ഉയര്‍ന്നത്.