കുപ്രസിദ്ധ കുറ്റവാളി ബിജു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു

468

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ബിജു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജുവാണ് രക്ഷപ്പെട്ടത്. പീഡനക്കേസിന്റെ വിചാരണയ്ക്കായി പൂജനപ്പുര സെൻട്രൽ ജയിലിൽനിന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുന്നതിനു കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. കൊടും ക്രിമിനലയാട്ടും മതിയായ സുരക്ഷയില്ലാതെയാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. കൊലപാതകവും മോഷണശ്രമവും അടക്കം നൂറോളം കേസുകളുള്ള പ്രതിയെ നാലു പൊലീസുകാരുടെ അകമ്പടിയിൽ കെഎസ്ആർടിസി ബസിലാണ് കോടതിയിലേക്കു കൊണ്ടുപോയത്. ബിജുവിന്റെ നിർദ്ദേശമനുസരിച്ച് ബസിനെ പിന്തുടർന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്. നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ വച്ച് ഇയാൾ പൾസർ ബൈക്കിൽ ഓടിക്കയറുകയായിരുന്നു. ബസിൽനിന്ന് ഇറങ്ങിയോടിയ ബിജു അതിസാഹസികമായി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ചാടിക്കയറുകയായിരുന്നു. പൊലീസ് പിറകേ ഓടിയിട്ടും പ്രതിയെ പിടികൂടാനായില്ല. മറ്റൊരു കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജുവിന്റെ ബൈക്കിലാണ് രക്ഷപ്പെട്ടതെന്നു റിപ്പോർട്ടുണ്ട്. അതേസമയം ഇയാൾ ജയിൽ ചാടുമെന്ന് ഇന്റലിജൻസ് വിഭാഗം നേരത്തെ തന്നെ പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കെഎസ്ആർടിസി ബസിൽ കാര്യമായ കാവലില്ലാതെ ഇയാളെ കൊണ്ടുപോയത് സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജയിൽചാടി നാല് പൊലീസുകാരെ കൊല്ലുമെന്ന് ഇയാൾ നേരത്തെ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത്.

NO COMMENTS

LEAVE A REPLY