തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമി. ബിജുപ്രഭാകര്‍ അവധിക്ക് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് രാജു നാരായണസ്വാമി രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരിശീലന പരിപാടിയില്‍ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നു പറഞ്ഞ സ്വാമി ഹോട്ടി കോര്‍പ്പില്‍ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും ആരോപിച്ചു. ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്താലും തന്നെ വിജിലന്‍സ് കേസുകളിലടക്കം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബിജു പ്രഭാകര്‍ അവധിക്ക് അപേക്ഷ നല്‍കിയത്. കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും അവധിക്കുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരശീലനപരിപാടിയില്‍ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്ന് കരുതിയാണെന്നും ബിജുപ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.