തിരുവനന്തപുരം: കൊട്ടാര സദൃശ്യമായ വേദിയില്‍ ഉത്സവഛായയില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകന്‍ അജയ് കൃഷ്ണനും വ്യവസായി ബിജു രമേശിന്‍റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹം നടന്നു. കറന്‍സി നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ആഡംബരം കൊണ്ട് ശ്രദ്ധേയമായ വിവാഹത്തില്‍ എല്ലാം നിയമാനുസൃതം ആണെന്നും വേണമെങ്കില്‍ കണക്ക് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും ബിജു രമേശ് പറഞ്ഞു. മൈസൂര്‍ കൊട്ടാരത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ച വേദിയില്‍ കേന്ദ്ര സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ ആയിരുന്നു കതിര്‍മണ്ഡപം നിര്‍മ്മിച്ചത്. വൈകിട്ട് ആറിന് നടന്ന വിവാഹത്തില്‍ സംഗീത നൃത്ത പരിപാടികളും നടന്നു. രാത്രി വൈകി വരെ തുടര്‍ന്ന വിരുന്നില്‍ 6000 ലധികം പേര്‍ക്ക് ഒരേ സമയം ആഹാരം കഴിക്കാവുന്ന വിധത്തിലായിരുന്നു ഭക്ഷണശാല. ശ്വേതാ മോഹന്‍, സുന്ദര്‍ രാജ് എന്നിവരുടെ മ്യൂസിക് ഫ്യൂഷനും, താണ്ഡവ് സംഘത്തിന്‍റെ നൃത്തപരിപാടി കളും സല്‍ക്കാര ചടങ്ങുകളോടനുബന്ധിച്ചു ഒരുക്കിയിരുന്നു. ആനയറ കിംസ് ആശുപത്രിക്കു എതിര്‍വശം എട്ടേക്കറിലുള്ള രാജധാനി ഗാര്‍ഡന്‍സില്‍ ഒരുക്കിയ വിവാഹപ്പന്തലിലാണു സല്‍ക്കാരം നടന്നത്. മെസൂര്‍ പാലസിന്‍റെ മാതൃകയിലാണ് പന്തലിന്‍റെ കവാടം തയാറാക്കിയിരിക്കുന്നത്. ചടങ്ങുകള്‍ 2000 പേര്‍ക്ക് ഒരു പോലെ കാണാവുന്നതും പങ്കെടുക്കാവുന്നതുമായ വിധത്തിലായിരുന്നു വിവാഹ മണ്ഡപം ഒരുക്കിയിരുന്നത്. തിരുവനന്തപുരം വെണ്‍പാലവട്ടം ക്ഷേത്രത്തില്‍ ഇന്നലെ വെകിട്ട് ആറിനും ആറരയ്ക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണു പങ്കെടുത്തത്.
കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, രാജ്യ സഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍, തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍സെല്‍വം, തദ്ദേശമന്ത്രി വേലുമണി, ആര്യാടന്‍ മുഹമ്മദ്, ഗണേഷ് കുമാര്‍ എം.എല്‍.എ, സി.പി.എം. നേതാക്കളായ എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, ആന്‍റോ ആന്‍റണി എം.പി, മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ: ആര്‍. അജിത്കുമാര്‍, വി. സുരേന്ദ്രന്‍ പിള്ള, വക്കം പുരുഷോത്തമന്‍, ശോഭനാ ജോര്‍ജ്, ശിവഗിരിമഠം സ്വാമി ഋതംബരാനന്ദ, സ്വാമി അമൃതാനന്ദ, സ്വാമി ശങ്കരാനന്ദ, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഗായകന്‍ ജി. വേണുഗോപാല്‍ ചലച്ചചിത്ര താരങ്ങളായ സോനാ നായര്‍, ചിപ്പി തുടങ്ങി നിരവധി പ്രമുഖരും വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.