മുംബൈ: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.25000 രൂപ കെട്ടിവയ്ക്കണം. ഒരാള്‍ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി. മുംബൈ ദിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ ടെസ്റ്റിനുള്ള രക്ത സാമ്ബിളുകള്‍ നല്‍കുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ബിനോയ് ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കും എന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണ കാലയളവില്‍ ബിനോയ്‌ക്കു രാജ്യം വിട്ടു പുറത്തു പോകണമെങ്കില്‍ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം.
ജൂണ്‍ പതിമൂന്നിന് യുവതി ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് തടയാന്‍ ബിനോയ് നീക്കം തുടങ്ങിയത്. 5 കോടി തട്ടാന്‍ യുവതിയും കൂട്ടാളികളും കള്ളക്കേസ് നല്‍കി എന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ബിനോയ് വാദിച്ചത്. വിവാഹം കഴിഞ്ഞെന്ന് വ്യാജ രേഖ ഉണ്ടാക്കി ബിനോയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും അതേസമയം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാല്‍ ബിനോയ്ക്കെതിരെ നിരവധി തെളിവുകളാണ് യുവതിയുടെ അഭിഭാഷകന്‍ നിരത്തിയത്.
സ്വന്തം ഇമെയിലില്‍ നിന്ന് ബിനോയ് യുവതിക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചതിന്‍റെ തെളിവുകള്‍ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഈ ടിക്കറ്റുപയോഗിച്ച് യുവതി ദുബായി സന്ദര്‍ശിച്ചതിന്‍റെ യാത്ര രേഖകളും ഹാജരാക്കി. യുവതിയും ബിനോയിയും ഒന്നിച്ച് അന്ധേരി വെസ്റ്റില്‍ താമസിച്ചതിന്‍റെ രേഖ പ്രൊസിക്യൂഷന്‍ കോടതിയില്‍ നല്‍കി.
ബിനോയിയുടെ അച്ഛന്‍ മുന്‍മന്ത്രിയാണെന്നും നേരത്തെ ക്രിമിനല്‍കേസുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് യുവതിക്കും കുഞ്ഞിനും ഭീഷണിയാണെന്നും അഭിഭാഷകന്‍ വാദിച്ചു.