ആലപ്പുഴ: പക്ഷിപ്പനി പടര്‍ന്ന ആലപ്പുഴ ജില്ലയില്‍ ഇന്നലെ രണ്ടായിരം താറാവുകള്‍ കൂടി ചത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചത്ത താറാവുകളുടെ എണ്ണം ഏഴായിരം കവിഞ്ഞു. രോഗം സംശയിക്കുന്ന താറാവുകളെ കൊന്നൊടുക്കാനാണു ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. മൂന്നു പഞ്ചായത്തുകളിലാണ് താറാവുകളില്‍ എച്ച്5എന്‍8 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാണ്. ഇവിടെ നിന്നു താറാവുകളെ മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നത് 10 ദിവസത്തേക്കു വിലക്കി. രോഗംബാധിച്ച താറാവുകളെ തരംതിരിച്ച് നശിപ്പിക്കാനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 ദ്രുതകര്‍മ സംഘങ്ങളെ നിയോഗിച്ചു. രോഗം ബാധിച്ച പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇവരുടെ നിരീക്ഷണത്തിലായിരിക്കും. ഇന്നും നാളെയുമായി രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്ന് ഇവയെ നശിപ്പിക്കും. രോഗബാധയുള്ള താറാവുകളെ പ്രത്യേകമായി മാറ്റി സംസ്കരിക്കും.
ദ്രുതകര്‍മ സേന ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. ചത്ത താറാവുകളുടെ സാന്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. തകഴി, രാമങ്കരി, പാണ്ടി, കൈനടി പ്രദേശങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഇവിടെ എത്തിയത് സൈബിരിയയില്‍ നിനുള്ള ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം.