ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ ആറായിരത്തോളം താറാവുകള്‍ കൂടി ചത്തു. പള്ളിപ്പാട് ഭാഗത്തു മാത്രം 5800 താറാവുകളാണ് ഇന്നലെ ചത്തത്. രോഗബാധ പ്രതിരോധിക്കാനായി മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ സംഘം രംഗത്തിറങ്ങി. ഇവര്‍ ഇന്നലെ 1176 താറാവുകളെ സംസ്കരിച്ചു. ഇന്നു നീലംപേരൂരിലാകും സംഘത്തിന്‍റെ പ്രവര്‍ത്തനം.
ചിലയിടങ്ങളില്‍ കാക്കകളും കൂട്ടത്തോടെ ചാകുന്നുണ്ട്. കാക്കകള്‍ക്കു രോഗം ബാധിച്ചത് പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചെറുതനയില്‍ 180, തകഴിയില്‍ 396, മുട്ടാറില്‍ 600 താറാവുകളെയാണ് ദ്രുതകര്‍മ സംഘം ഇന്നലെ സംസ്കരിച്ചത്. അതിനിടെ, തകഴിയില്‍ ചത്ത താറാവുകളെ താറാവുകര്‍ഷകര്‍ തീയിട്ടു നശിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയായിരുന്നു കര്‍ഷകരുടെ നടപടി. വെറ്ററിനറി സര്‍ജന്മാര്‍, രണ്ടു ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാര്‍, റവന്യു- പോലീസ് ഉദ്യോഗസ്ഥര്‍, രണ്ടു തൊഴിലാളികള്‍, അറ്റന്‍ഡര്‍മാര്‍, പഞ്ചായത്തംഗം എന്നിവരടങ്ങുന്നതാണ് ദ്രുതകര്‍മ സംഘം. പരിശീലനം സിദ്ധിച്ച മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് രോഗം ബാധിച്ച താറാവുകളെ തീയിടേണ്ടത്. എന്നാല്‍ പലയിടത്തും ദ്രുതകര്‍മ സംഘം അതിനു തയാറായില്ലെന്ന് പരാതി ഉയര്‍ന്നു. കത്തിക്കുന്നതിനിടെ തകഴി കുന്നുമ്മയില്‍ ഒരു വിഭാഗം താറാവുകര്‍ഷകര്‍ ഇതിനെതിരെ രംഗത്തുവന്നത് സംഘര്‍ഷത്തിനിടയാക്കി. ചത്ത താറാവുകളെ മാത്രം തീവച്ചാല്‍ മതിയെന്ന് ഒരു വിഭാഗവും അസുഖം വന്ന മുഴുവന്‍ താറാവുകളെയും തീയിടമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. അസുഖം ബാധിച്ച താറാവുകളെ മറ്റു പാടശേഖരങ്ങളിലേക്കു കൊണ്ടുപോകാനോ വില്‍ക്കാനോ കഴിയില്ലെന്നും അതിനാല്‍ ഇവയെ കൊന്നുകുഴിച്ചുമൂടണമെന്നുമാണ് ചില കര്‍ഷകര്‍ ആവശ്യപ്പെട്ടത്. തര്‍ക്കം മുറുകിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകി.