പാലക്കാട്: വാളയാറിൽ പള്ളിയോട് ചേർന്ന കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ബിഷപ്പിനെയും നാല് വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്തു. 2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം . കോയമ്പത്തൂർ കാട്ടൂർ സ്വദേശിനിയായ ഫാത്തിമ സോഫിയ എന്ന പെൺകുട്ടി വാളയാർ ചന്ദ്രാപുരത്തെ പള്ളിക്കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത പാലക്കാട് പൊലീസാണ് കേസിൽ ബിഷപ്പിനെയും നാല് വൈദികരെയും പ്രതി ചേർത്തത്.
യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇവർ രഹസ്യമാക്കി വച്ചു എന്നതിനാണ് പ്രതിചേര്‍ത്തത്. കോയമ്പത്തൂര്‍ രൂപതാ ബിഷപ്പ് തോമസ് അക്വിനോസ് , വൈദികരായ കുളന്തരാജ്, മുതല്‍മുത്ത്, ലോറന്‍സ്, മെല്‍ക്യുര്‍ എന്നിവരെ പാലക്കാട് ഡിവൈഎസ്‍പി സുള്‍ഫിക്കര്‍ ആണ് അറസ്റ്റ്ചെയ്തത്.
മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന സോഫിയ കൗണ്‍സിലിങിനായാണ് ചന്ദ്രാപുരത്തെ പള്ളിയിലെത്തിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസിലെ പ്രധാനപ്രതിയും മുമ്പ് വൈദികനും ആയിരുന്ന ആരോഗ്യരാജ് എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിശദമായ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടു.