തിരുവനന്തപുരം •വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ പാര്‍ട്ടി അറിഞ്ഞാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. അല്ലായെങ്കില്‍ സിപിഎം നയത്തിനെതിരെ പ്രവര്‍ത്തിച്ച ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. നിയമന നിരോധനം ഒഴിവാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സിപിഎം നടത്തിയ നിയമനങ്ങള്‍ മുഴുവന്‍ നേതാക്കളുടേയും മന്ത്രിമാരുടേയും മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ്. സിപിഎം ഭരണത്തില്‍ തൊഴില്‍ കിട്ടിയ യുവാക്കള്‍ പാര്‍ട്ടി നേതാക്കളുടെ മക്കളും അവരുടെ ബന്ധുക്കളും മാത്രമാണ്. ഇതില്‍ ഡിവൈഎഫ്‌ഐ സന്തുഷ്ടരാണോയെന്ന് വ്യക്തമാക്കണം.
അധികാരം കിട്ടിയെന്ന് കരുതി കേരളം സിപിഎമ്മിന് തീറെഴുതിക്കിട്ടിയെന്ന് ധരിക്കരുത്. കേരളം ആരുടേയും തറവാട്ടു സ്വത്തല്ല. ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഭരണത്തില്‍ മനംമടുത്താണ് ജനം ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഉമ്മന്‍ചാണ്ടിയെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് 3 വര്‍ഷം വേണ്ടിവന്നെങ്കില്‍ പിണറായി വിജയന്‍ 5 മാസം കൊണ്ട് തന്നെ അഴിമതി സര്‍ക്കാരിന്‍റെ തലവനാണെന്ന പേര് കേള്‍പ്പിച്ചു. കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത നഗ്നമായ അഴിമതിയാണ് വ്യവസായ വകുപ്പില്‍ നടക്കുന്നതെന്നും കുമാര്‍ ചൂണ്ടിക്കാണിച്ചു.കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബിജെപി ഇത് ചൂണ്ടിക്കാണിച്ചതാണ്. സ്വാശ്രയ സമരത്തിന്‍റെ പേര് പറഞ്ഞ് തീവ്രവാദ പ്രശ്നം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വാശ്രയ മേഖലയിലെ പ്രശ്നം കേവലം ഫീസ് വര്‍ദ്ധന മാത്രമാണെന്ന് ചുരുക്കി തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നീറ്റ് പരീക്ഷയും റാങ്ക് ലിസ്റ്റും അട്ടിമറിക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്. ഇത് മൂലം മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവോടെ പഠിക്കാനുള്ള അവസരമാണ് നഷ്ടമായതെന്നും എം.എസ്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.