വാളയാര്‍ • കഞ്ചിക്കോട്ട് സിപിഎം-ബിജെപി സംഘര്‍ഷം. മൂന്നു പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചെന്നും വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചെന്നും ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ബിജെപി പ്രവര്‍ത്തനായ ഹില്‍വ്യൂനഗര്‍ സ്വദേശി നന്ദനെ (25) വൈകിട്ട് അഞ്ചരയോടെ ഒരു സംഘം വീടു കയറി ആക്രമിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ നന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ബൈക്കിലെത്തിയ ഒരു സംഘം സൂര്യനഗര്‍ കോപ്പന്‍പുരയില്‍ സതീഷിന്റെ വീട് ആക്രമിച്ചു.മുറ്റത്ത് നിര്‍ത്തിയിട്ട കാറും അഞ്ചു ബൈക്കുകളും തീവച്ചു നശിപ്പിച്ചു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയെങ്കിലും സംഘം സ്ഥലംവിട്ടു. ഇതിനു പിന്നാലെ മുക്രോണിയില്‍ രാജന്റെ വീടും ആക്രമിക്കപ്പെട്ടു. കിണറ്റിലെ മോട്ടോറും ഒരു ബൈക്കും നശിപ്പിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ സി.എ. സുരേന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ എ. ഗിരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. സിഐ എ. വിപിന്‍ദാസ്, വാളയാര്‍ എസ്‌ഐ ശാന്തകുമാരന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകനായ അയ്യന്‍കുളം സ്വദേശി ബിനു, ബിജെപി പ്രവര്‍ത്തകനായ രാജേഷ് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.