ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തെ തള്ളി ബിജെപി. രാഹുലിന്റെ ആരോപണം തമാശയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജ്ജു പരിഹസിച്ചു. ‘സെല്‍ഫ് ഗോളിനു ശേഷം ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമാശയുമായി കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ പ്രാസംഗിക മിടുക്കില്‍ മോദി ഭയപ്പെട്ടിരിക്കുന്നുവെന്നാണ് പറയുന്നത്’- റിജ്ജു ട്വിറ്ററില്‍ കുറിച്ചു. താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂമികുലുക്കമുണ്ടാകുമെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവനയെ ബിജെപി നേതാവ് പ്രകാശ് ജാവേദ്കര്‍ പരിഹസിച്ചു. ഇപ്പോള്‍ രാഹുലിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം എന്തുകൊണ്ടാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. പ്രധാനമന്ത്രിയ്ക്കെതിരായ രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാറും പറഞ്ഞു. രാഹുലിന് ക്ഷമ നശിച്ചു. ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ അതു വെളിപ്പെടുത്തിക്കൂട? രാഹുല്‍ ഭൂമി കുലുങ്ങുന്ന തരത്തില്‍ യാതൊരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല. തെറ്റായ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും അനന്ത് കുമാര്‍ ആവശ്യപ്പെട്ടു.
മോദി അഴിമതി നടത്തിയതിനു തെളിവുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്താത്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ചോദിച്ചു