തിരുവനന്തപുരം: സാംസ്കാരിക വിഷയങ്ങളില്‍ ഇടപെട്ട് പുലിവാല് പിടിച്ച ബിജെപി ചുവട് മാറ്റുന്നു. ബിജെപിയുടെ രാജ്യസ്നേഹം വിവാദമായതോടെയാണ് പാര്‍ട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നത്. സാഹിത്യകാരന് എംടി വാസുദേവന്‍ നായര്‍, സംവിധായകന് കമല്‍ എന്നിവര്‍ക്കെതിരായ നേതാക്കളുടെ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നതിനെ മറികടക്കുകയാണ് ലക്ഷ്യം. ബിജെപി നടത്തുന്ന അടുത്ത പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരെയും നേരിട്ട് ക്ഷണിക്കാനാണ് ബിജെപിയുടെ നീക്കം. സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയാണ് ബിജെപി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംടി വാസുദേവന്‍നായര്‍, കമല്‍ എന്നിവരെ വീടുകളില്‍ പോയി ക്ഷണിക്കാന്‍ ബിജെപിയുടെ സംസ്ഥാന സമിതി തീരുമാനിച്ചത്. പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കൂട്ടായ്മ.
ഇതില്‍ ഇവര്‍ പങ്കെടുത്തില്ലെങ്കില്‍ അസഹിഷ്ണുതയ്ക്കെതിരായ ഇവരുടെ നിലപാടുകളെ ചോദ്യം ചെയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സംസ്ഥാന സെക്രട്ടറി എന്‍ ഗോപാലകൃഷ്ണനാകും ഇരുവരെയും നേരിട്ടെത്തി ക്ഷണിക്കാനുളള ചുമതല. എംഎസ് കുമാറാണ് തിരുവനന്തപുരത്തുനടക്കുന്ന കൂട്ടായ്മയുടെ കണ്‍വീനര്‍.