കൊച്ചി : സ്വാശ്രയ മെഡിക്കല്‍ കോളേജിന് കൂടുതല്‍ സീറ്റ് വാങ്ങി നല്‍കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയതായി കണ്ടെത്തല്‍. മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സെക്രട്ടറി എ.കെ നസീര്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അഴിമതിക്കെതിരായി കര്‍ശന നടപടി വേണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവിനെതിരെയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കൃഷ്ണദാസ് പക്ഷത്തെ നേതാവാണ് ആരോപണവിധേയന്‍.
തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട സഹായം ചെയ്യാമെന്നേറ്റാണ് കോടികള്‍ കോഴ വാങ്ങിയത്. നേതാക്കള്‍ ആവശ്യപ്പെട്ട 15 കോടിയില്‍ ആദ്യഗഡുവായി 5 കോടിരൂപ മെഡിക്കല്‍ കോളജ് ഉടമ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തു. പരാതി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ കോളേജ് ഉടമ പാര്‍ട്ടി നേതൃത്വത്തിന് പരാതിയും നല്‍കി. 5 കോടി 60 ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ചു. ഇത് കുഴല്‍പ്പണമായി ഡല്‍ഹിയിലെ ഇടനിലക്കാരന് കൈമാറി. പണം നല്‍കിയെന്ന് വര്‍ക്കല എസ്‌ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജി വ്യക്തമാക്കി. പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എംടി രമേശിന് കോഴ നല്‍കിയെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.