പയ്യന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് തുടക്കം. രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്യും. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരിക്കും അദ്ദേഹം ഉദ്ഘാടനത്തിനെത്തുക. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, വി.മുരളീധരന്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം 12 മണിയോടെ അവസാനിക്കും. പയ്യന്നൂര്‍മുതല്‍ പിലാത്തറവരെയുള്ള ആദ്യദിവസത്തെ യാത്രയില്‍ അമിത്ഷാ പങ്കെടുക്കും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും. കൂടാതെ ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം യാത്രയില്‍ അണിചേരും. പയ്യന്നൂര്‍ ടൗണിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങി സെന്‍ട്രല്‍ ബസാറില്‍ സംഗമിച്ചാണ് ജാഥ പ്രയാണം തുടങ്ങുക. രണ്ടാംദിവസം രാവിലെ 10ന് കീച്ചേരിയില്‍നിന്ന് തുടങ്ങുന്ന ജനരക്ഷായാത്ര വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വ്യാഴാഴ്ച മമ്ബറത്തുനിന്ന് 10 മണിക്ക് തുടങ്ങുന്ന യാത്ര തലശ്ശേരിയില്‍ സമാപിക്കും. നാലാം ദിവസം പാനൂരില്‍നിന്ന് കൂത്തുപറമ്ബിലേക്കാണ് യാത്ര. മറ്റ് ജില്ലകളില്‍ ഓരോ ദിവസം വീതം പര്യടനം നടത്തും.