തിരുവനന്തപുരം: നഗരസഭയുടെ ഔദ്യോഗിക ലെറ്റർപാഡിൽ മേയർ തന്നെ പാർട്ടി നേതാവിനോട് ഉദ്യോഗാർഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുമാണ് ബി.ജെ.പിയും യു.ഡി.എഫും സമരം ശക്തമാക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്തിൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ കെട്ടിടത്തിനകത്തേക്ക് ഓടിക്കയറി മുദ്രാവാക്യം മുഴക്കി. മേയറുടെ ഓഫീസിനടുത്തേക്ക് പോകുന്നതിന് മുമ്പ് യൂത്ത് കോൺഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. യൂത്ത്കോൺഗ്രസുകാരെ മാറ്റുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറിയത്. ഇതോടെ പോലീസ് ആകെ ആശയക്കുഴപ്പത്തിലായി.
ഇവരെ പ്രധാന ഓഫീസുകൾക്ക് മുന്നിൽനിന്ന് അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെ ബി.ജെ.പി. നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപന്റെ നേതൃത്വത്തിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നിൽ ഉപരോധസമരം തുടങ്ങി. സമരം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഓഫിസിൽ കയറാൻ ശ്രമിച്ചത് ബി.ജെ.പി. കൗൺസിലർമാർ തടഞ്ഞു. ഇതോടെ പോലീസ് ഇടപെട്ട് പ്രവർത്തകരോട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ കിട്ടാക്കിയില്ല. ഇതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൗൺസിലർമാരെ നീക്കിയതിന് ശേഷമാണ് ഡെപ്യൂട്ടി മേയറിന് ഓഫീസിനകത്ത് കടക്കാനായത്.