ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരേ ലൈംഗികാരോപണമുന്നയിച്ച നിയമവിദ്യാര്‍ഥിനിക്ക് സുരക്ഷ ഉറപ്പാക്കാനും പെണ്‍കുട്ടിയെ ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും സുപ്രീംകോടതി നിര്‍ദേശം നല്കി. പെണ്‍കുട്ടിയുമായി സംസാരിച്ചതിനു ശേഷം ജസ്റ്റീസുമാരായ ആര്. ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. തിങ്കളാഴ്ച കേസ് പരിഗണിക്കും.
ഡല്‍ഹി പോലീസ് പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതിക്ക് സമീപം ഹോസ്റ്റലില്‍ താമസം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച കോടതിയില്‍ വീണ്ടും ഹാജരാകുന്നതുവരെ പെണ്‍കുട്ടിയുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ ആരും സംസാരിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ മാതാപിതാക്കളെ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാന്‍ കോടതി അനുവദിച്ചു. യുപിയിലെ ഷാജഹാന്പുരില്നിന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഡല്‍ഹിയിലേക്കു കൊണ്ടുവരണമെന്നും കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരുകൂട്ടം വനിതാ അഭിഭാഷകര്‍ പെണ്‍കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റീസിന് കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. രാജസ്ഥാനിലെ ദൗസയില്‍നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയതായി യുപി പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയെ വൈകുന്നേരത്തോടെ ഡല്‍ഹി പോലീസ് കോടതിയില്‍ ഹാജരാക്കി. അടച്ചിട്ട കോടതിയില്‍ പെണ്‍കുട്ടിയുമായി ജഡ്ജിമാര്‍ സംസാരിച്ചു. ഇതിനു ശേഷമാണ് ഉത്തരവിട്ടത്. മാതാപിതാക്കളുമായി സംസാരിക്കുന്നതുവരെ യുപിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുശേഷം മാത്രമേ ഭാവി നടപടികള്‍ തീരുമാനിക്കുകയുള്ളൂവെന്നുമാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് കോടതി അറിയിച്ചു.
ഈമാസം 24 ആണ് വിദ്യാര്‍ഥിനിയെ കാണാതായാത്. ചിന്മയാനന്ദിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ കീഴിലെ കോളജിലെ എല്‍എല്‍എം വിദ്യാര്‍ഥിനിയാണ് ഇ വര്. സന്യാസി സമൂഹത്തിലെ ഉന്നതനില്നിന്ന് ജീവനു ഭീഷണിയുണ്ടന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമാണ് വിദ്യാര് ഥിനിയെ കാണാതായത്. എന്നാല്‍, വീഡിയോയില്‍ ചിന്മയാനന്ദിന്റെ പേര് വിദ്യാര്‍ഥിനി പരാമര്‍ശിച്ചിട്ടില്ല.
ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ 2011 ല്‍ ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായ പെണ്‍കുട്ടിയെയും നിരവധി പേരെയും ചിന്മയാനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.