പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. ബിജെപി എംഎല്‍എയും ഗോവ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോയാണ് രാഹുലിന്റെ വ്യക്തിത്വത്തെ പുകഴ്ത്തി പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യയ്ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്ന പല ബിജെപി നേതാക്കളും അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ടാണ് പ്രതികരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ആക്രമണവും അതേസമയം, വ്യക്തിപരമായി അടുത്ത സൗഹൃദത്തോടെയുള്ള പെരുമാറ്റവും നടത്തുന്ന വ്യക്തിയാണ് രാഹുല്‍. ഇതുതന്നെയാണ് ബിജെപി നേതാക്കളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്നത്. അടുത്തിടെ ബിജെപി എംപി സരോജ് പാണ്ഡെയും രാഹുലിനെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.
ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശക്തമായ ഭാഷയില്‍ ആക്രമണം നടത്തുന്ന വ്യക്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അദ്ദേഹം മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രസംഗ ശേഷം മോദിയുടെ അടുത്തെത്തി ആലിംഗനം ചെയ്തതും പ്രധാന വാര്‍ത്തയായിരുന്നു.
കഴിഞ്ഞദിവസം ഗോവയിലെത്തിയ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടിരുന്നു. അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രിയാണ് പരീക്കര്‍. അര്‍ബുദം ബാധിച്ച അദ്ദേഹം ചികില്‍സ തുടുരുന്നുണ്ടെങ്കിലും ഔദ്യോഗിക ജോലികളും നിര്‍വഹിക്കുന്നുണ്ട്.
റാഫേല്‍ യുദ്ധവിമാന ഇടപാട് നടക്കുന്ന വേളയില്‍ മനോഹര്‍ പരീക്കറായിരുന്നു പ്രതിരോധ മന്ത്രി. ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പരീക്കറും സംശയനിഴലിലായി. വിമാന ഇടപാടിന്റെ പ്രധാന രേഖകള്‍ പരീക്കറുടെ വസതിയിലുണ്ട് എന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.