കോട്ടയം• നാട്ടകം റാഗിങ് കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കോട്ടയം കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അഞ്ചു പൊലീസുകാരും മാധ്യമപ്രവര്‍ത്തകനുമടക്കം ഏഴുപേര്‍ക്കു പരുക്കേറ്റു. റാഗിങ് കേസില്‍ പൊലീസ് ഒത്തുകളിച്ചെന്നാരോപിച്ച് ബിജെപി കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. ഇതോടെ മറ്റൊരു കവാടത്തിലൂടെ കലക്ടറേറ്റിന് ഉള്ളിലേക്കു കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. അഞ്ചു പൊലീസുകാര്‍ക്കും മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും ജനം ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്തിനും പരുക്കേറ്റു.
പൊലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയെങ്കിലും പൊലീസ് വിരട്ടിയോടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം കെ.കെ. റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.