ഗാന്ധിനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. പൊതു തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സംഘടനാ സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ത്തതിന് പിന്നാലെ സംസ്ഥാനത്തെ മണ്ഡലങ്ങളെ വിവിധ മേഖലകളാക്കി തിരിച്ച് നേതാക്കള്‍ക്ക് പ്രത്യേക ചുമതലയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കി കഴിഞ്ഞു.
പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്ന നേതാക്കളെ തിരികെ പാര്‍ട്ടിയിലെത്തിക്കാനായി പ്രത്യേക ശ്രദ്ധയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. ഇതിനു പുറമെയാണ് മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നത്. രണ്ട് മുന്‍ ബിജെപി എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിച്ചുകൊണ്ട് ഈ നീക്കത്തിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ഗുജറാത്ത് കോണ്‍ഗ്രസ്.
ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളിലില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു. 20 സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ 1 സീറ്റില്‍ ഗുജറാത്ത് ജനതാ ദളും വിജയിച്ചു. എന്നാല്‍ ഇത്തവണ 15 സീറ്റിലെങ്കിലും വിജയിക്കാനുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.
സംസ്ഥാനത്തെ പ്രധാന എതിരാളികളായ ബിജെപിയില്‍ നിന്നുള്ള നേതാക്കളെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പയറ്റുന്നത്. മോദിയുടേയും അമിത് ഷായുടെയും നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് ഉടക്കിനില്‍ക്കുന്ന നിരവധി നേതാക്കളോട് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗുജറാത്തിലെ മുന്‍ മന്ത്രിയായ ബിമല്‍ ഷായും മുന്‍ എംഎല്‍എയായ അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേശുഭായി പട്ടേലിന്റെ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന വ്യക്തിയാണ് ബിമല്‍ ഷാ.
ബിമല്‍ ഷാ, അനില്‍ പട്ടേല്‍ എന്നിവരോടൊപ്പം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ജഗത് സിങ് വാസവയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ മൂവര്‍ക്കും പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് സ്വീകരണം നല്‍കി.ബിജെപിയില്‍ ജനാധിപത്യ രീതിയില്ലെന്നും പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ചിലരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ബിമല്‍ ഷാ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റയ്ക്ക് യാതൊന്നും ചെയ്യുക സാധ്യമല്ല . എല്ലാവര്‍ക്കും തൊഴില്‍, വിളവിന് കര്‍ഷകര്‍ക്ക് ന്യായവില’ എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യ മര്യാദയുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.