കൊല്‍ക്കത്ത: ബംഗാളില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ കൊല്‍ക്കത്തയിലെ വീടിനു നേരെ ബോംബേറ്. വീടിന്റെ മുന്നിലുള്ള ഗേറ്റ് ബോംബേറില്‍ തകര്‍ന്നു. ആളപായം ഒന്നുമില്ല. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആരോപിച്ചു.
കൊല്‍ക്കത്തയിലെ ജഗത്ദല്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ സിംഗ്. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാറി ജഗത്ദല്ലില്‍ തന്നെയുള്ള എംപിയുടെ വീട്ടില്‍ രാവിലെ 6.30ന് ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ബോംബേറ് നടത്തിയത്. നിലവില്‍ ദല്‍ഹിയിലാണ് അര്‍ജുന്‍ സിംഗ് ഉള്ളത്. പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് തൃണമൂല്‍ പറയുന്നത്. ബംഗാളിലെ സ്ഥിതിഗതികള്‍ ദിവസംപോകും തോറും കൈവിട്ടു പോകുകയാണെന്നും തന്റെ ആശങ്ക മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിച്ചിട്ടുണ്ടെന്നും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗം അര്‍ജുന്‍ സിംഗിന്റെ വസതിക്ക് നേരെയുള്ള ബോംബേറ് ക്രമസമാധാനനിലയെ ആശങ്കപ്പെടുത്തു ന്നതാണ്. ബംഗാള്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം. അക്രമസംഭവങ്ങള്‍ നേരത്തെയും മമത ബാനര്‍ജി യുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും ധന്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.