ന്യൂഡൽഹി: 75 വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക സങ്കൽപ് പത്ര പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷൻ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കും. രാമക്ഷേത്ര നിർമ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടകളും ഉയർത്തിപ്പിടിച്ചാണ് പ്രകടനപത്രിക.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസവും സംബന്ധിച്ച് വിശദ വിവരണം സുപ്രീംകോടതിക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നാണ് പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നുണ്ട്. അതേ സമയം ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി നടത്തുമെന്ന കാര്യം ഉറപ്പ് നൽകുന്നില്ല.
മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് അമിത് ഷാ പറഞ്ഞു.