തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.അക്രമസക്തരായ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി. കാമറകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ലക്സ്ബോര്‍ഡുകള്‍ തകര്‍ത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു.ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ അടപ്പിച്ചു. അമ്ബലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫിസും താഴിട്ടുപൂട്ടി. കാസര്‍ഗോട്ടും നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും റോഡ് ഉപരോധിച്ചു. പലയിടത്തും കടകള്‍ അടപ്പിച്ചു. എരുമേലിയില്‍ മൂന്ന് വിശ്വാസികള്‍ കെട്ട് ഉപേക്ഷിച്ച് മടങ്ങി.