മുംബൈ: നാലു ഘട്ടങ്ങളിലായി മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞതോടെ എത്ര സീറ്റുകള്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന കണക്ക്കൂട്ടലിലാണ് ഇരുമുന്നണികളും. ബിജെപി ശിവസേനയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ എന്‍സിപിയുമായി ചേര്‍ന്നായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പോരാട്ടം.
സംസ്ഥാനത്ത് ഇത്തവണയും പോളിങ്ങില്‍ ഉയര്‍ച്ചയില്ലാത്തത് മുന്നണികളുടെ നെഞ്ചിടിപ്പ് ഏറ്റുന്നുണ്ട്. സംസ്ഥാനത്ത് 60.68 ശതമാനമാണ് പോളിങ്. 60.32 ശതമാനമായിരുന്നു 2014 ൽ. സംസ്ഥാനത്ത് ബിജെപി മേധാവിത്വം തുടരുമെങ്കിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
സംസ്ഥാനത്തെ 48 സീറ്റുകളില്‍ കഴിഞ്ഞ തവണ 41 സീറ്റുകളും സ്വന്തമാക്കിയത് എന്‍ഡിഎ സഖ്യമായിരുന്നു. ബിജെപി 23 ഉം ശിവസേന 18ഉം സീറ്റുകളായിരുന്നു നേടിയത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതില്‍ മഹാരാഷ്ട്രയിലെ മികച്ച പ്രകടനം ഏറെ നിര്‍ണ്ണായകമായി. അതേസമയം ആറ് സീറ്റുകള്‍ മാത്രമായിരുന്നു കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചത്. കോൺഗ്രസ് രണ്ടും എൻസിപി നാലും സീറ്റുകളിലുമായിരുന്നു വിജയിച്ചത്.
പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു സീറ്റ് എൻസിപി തിരിച്ചുപിടിച്ചിരുന്നു. അതേ പ്രകടനം തുടര്‍ന്നാല്‍ യുപിഎ സഖ്യം വലിയ നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. 15 മുതല്‍ 20 സീറ്റുവരെയാണ് സഖ്യത്തിന് പ്രതീക്ഷിക്കുന്നത്. വിദര്‍ഭ, മറാത്ത് വാഡ, വടക്കന്‍ മഹാരാഷ്ട്ര മേഖലകളില്‍ കോണ്‍ഗ്രസ് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശക്തികേന്ദ്രമായ പശ്ചിമ മഹാരാഷ്ട്രയിലായിരിക്കും എന്‍സിപി നിലമെച്ചപ്പെടുത്തുക.
നഗരപ്രദേശങ്ങളില്‍ ബിജെപി-ശിവസേന സഖ്യത്തിന് വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രാജ് താക്കറയുടെ നിലപാട് എന്‍ഡിഎ മുന്നണിക്ക് ദോഷം ചെയ്തേക്കുമെന്നും കരുതുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാഹാരാഷ്ട്രയില്‍ ഒരു സീറ്റിലും മത്സരിക്കുന്നില്ലെങ്കിലും ബിജെപിക്കെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു എംഎന്‍സ് നേതാവും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറയുടെ സഹോദരനുമായ രാജ് താക്കറെ.
രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണെന്ന് രാജ് താക്കറെ നേരത്തെ അഭിപ്രായപ്പട്ടിരുന്നു. സൈനിക നടപടികളെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ അന്നും രാജ്താക്കറെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ആറു മണ്ഡലങ്ങളുള്ള മുംബൈയിൽ മൂന്നിൽ ബിജെപി സഖ്യത്തിന് മേൽകൈ ഉണ്ടെന്നും ബാക്കിയിടങ്ങളിൽ മറാത്തി, ദലിത്, മുസ്ലിം വോട്ടുകളും രാജ് താക്കറയുടെ പിന്തുണയും തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ കണക്ക്കൂട്ടല്‍.മറുവശത്ത് ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്ത മുന്നണിയിലുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബിജെപിയുമായി സഹകരണം തുടരാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമായിരുന്നു ജയിച്ചത്.