സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയകുഴപ്പം – ബിജെപി സംസ്ഥാന സമിതി യോഗം വിളിച്ചു.

139

തിരുവനന്തപുരം: മുന്‍നിര നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകാത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയെ ആശയകുഴപ്പത്തിലാക്കുന്നത്. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തത വരാത്ത സാഹചര്യത്തില്‍ ബിജെപി നാളെ വീണ്ടും സംസ്ഥാന സമിതി യോഗം വിളിച്ചു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമാനായി കണക്കാക്കുന്ന കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിക്കുന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസ് മുന്‍കൈ എടുത്ത് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചപ്പോള്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന്റെ ദയനീയ പരാജയമേല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ ആര്‍എസ്‌എസ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് വിവരം.

എറണാകുളത്ത് നാളെ രാവിലെ കോര്‍കമ്മിറ്റി യോഗവും തുടര്‍ന്ന് ഭാരവാഹി യോഗവും ചേരും. ഓരോ മണ്ഡലത്തിലും മൂന്നംഗ പട്ടിക തയ്യാറാക്കും. വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ ചര്‍ച്ചയിലൂടെ കണ്ടെത്തുകയാണ് യോഗത്തന്റെ പ്രധാന അജണ്ട. കോന്നിയില്‍ ശോഭാ സുരേന്ദ്രനെ സ്ഥാര്‍ഥിയാക്കിയേക്കും. കെ.സുരേന്ദ്രന്റെ പേരായിരുന്നു ആദ്യം മുന്‍ഗണനയിലുണ്ടായിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ മത്സരിക്കാന്‍ വിമുഖത കാണിച്ചതാണ് ശോഭാ സുരേന്ദ്രന് സാധ്യത കല്‍പ്പിക്കുന്നത്.

മഞ്ചേശ്വരത്തെ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് പൊതുവികാരം.മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിയേയും ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനേയുമാണ് പരിഗണിക്കുന്നത്.

NO COMMENTS