ദില്ലി: എല്ലാം പണം കൊടുത്ത് വാങ്ങാനാകില്ലെന്നും എല്ലാവരേയും എക്കാലവും ഭീഷണിപ്പെടുത്താനാകില്ലെന്നും എല്ലാ കളളങ്ങളും കാലക്രമേണെ തുറന്ന് കാട്ടപ്പെടുമെന്നും ഒരുനാള്‍ ബിജെപി തിരിച്ചറിയുമെന്ന് കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലാണ് പ്രിയങ്കയുടെ പ്രതികരണം.
‘ഞാന്‍ കരുതുന്നത് അതുവരെ അവരുടെ അനിയന്ത്രിതമായ അഴിമതിയും പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി തകര്‍ക്കുന്നതും നൂറ്റാണ്ടുകളുടെ അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും അടക്കം ഈ രാജ്യത്തെ ജനങ്ങള്‍ സഹിക്കേണ്ടി വരും എന്നാണ്” എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു.
കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. ”അധികാരത്തിലേറിയ ആദ്യ നാള്‍ മുതല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അകത്തും പുറത്തുമുളള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഉന്നമായിരുന്നു.
അധികാരത്തിലേക്കുളള തങ്ങളുടെ വഴിയിലെ തടസ്സങ്ങളാണ് സഖ്യസര്‍ക്കാരിനെ അവര്‍ കണ്ടത്. ഇന്ന് അവരുടെ ആര്‍ത്തി വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകത്തിലെ ജനങ്ങളും തോറ്റു” എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.