ബൊഗോട്ട• കൊളംബിയയിലെ മെഡലീനില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു. തകര്‍ന്നുവീണ വിമാനാവശിഷ്ടങ്ങളില്‍നിന്നു കേടുപാടുകള്‍ കൂടാതെയാണു നിര്‍ണായക തെളിവു കണ്ടെത്തിയത്. ദുരന്തത്തില്‍ ബ്രസീലിലെ ഷപ്പെകൊയിന്‍സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരുമടക്കം 76 പേരാണു കൊല്ലപ്പെട്ടത്. കൊളംബിയന്‍ വിമാനദുരന്തത്തിന്റെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിലെ വഴിത്തിരിവായാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ നിലയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കയച്ചു. അപകടം നടന്ന സമയത്തു മേഖലയില്‍ ശക്തിയേറിയ കാറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്തു കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഷപ്പെകൊയിന്‍സ് ടീം അംഗങ്ങളും ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമടക്കം 81 പേരാണു തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നത്. കോപ്പ സുഡാമെരിക്കാന മല്‍സരത്തിന്റെ ആദ്യപാദ ഫൈനലില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഫുട്ബോള്‍ ടീം. ദുരന്തത്തിനിരയായ ടീമിനോടുള്ള ആദരസൂചകമായി ചാംപ്യന്‍പട്ടം ഷപ്പെകൊയിന്‍സ് ക്ലബ്ബിനു കൈമാറുമെന്ന് എതിരാളികളായ അത്ലറ്റികോ നാഷനല്‍ പ്രസ്താവനയില്‍ പറഞ്ഞു. മെസ്സി, െനയ്മര്‍, വെയ്ന്‍ റൂണി, ഇതിഹാസ താരങ്ങളായ പെലെ, മറഡോണ തുടങ്ങിയവര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. ഹോംഗ്രൗണ്ടിലെത്തി കണ്ണീര്‍പൊഴിച്ചാണ് ബ്രസീലിലെ ഷപ്പെകൊയിന്‍സ് ആരാധകര്‍ പ്രിയ ടീമിന്റെ വേദനയില്‍ ഒപ്പംനിന്നത്.