ന്യൂഡല്‍ഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ പുറത്തു നിന്നുള്ളവരെ അനുവദിക്കരുത് എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. നോട്ട് പിന്‍വലിക്കല്‍ കാലവധി നിലനില്‍ക്കുന്ന 50 ദിവസത്തിനിടയില്‍ ഇങ്ങനെ പണം നിക്ഷേപിക്കാന്‍ അനുവദിച്ചാല്‍ തുടര്‍ നടപടികള്‍ നേരിടേണ്ടിവരും എന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ട് നല്‍കുന്ന ഉടമയ്ക്കു പ്രതിഫലവും കള്ളപ്പണക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടിലും ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നതായി ആദായ നികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് 50000 രൂപ വരെയാണു നിക്ഷേപിക്കാന്‍ കഴിയുക.
കൃഷിക്കാര്‍, വീട്ടമ്മമാര്‍, കൈത്തൊഴിലാളികള്‍ എന്നിവര്‍ക്കു 2.5 ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയും. എന്നാല്‍ അനുവദിച്ചതിനേക്കാള്‍ തുക ചില അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സൂചനയുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്‍റെ പുതിയ മുന്നറിയിപ്പ്. എന്നാല്‍ നേരായ മാര്‍ഗങ്ങളിലൂടെ നിക്ഷേപിച്ചു പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനു തടസം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിട്ടുണ്ട്.