ന്യൂഡല്‍ഹി • കള്ളപ്പണം വെളിപ്പെടുത്താത്തവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനു ശേഷം കണക്കില്‍പ്പെടാത്ത പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് 50 ശതമാനം നികുതിയും നാലു വര്‍ഷം തടവുശിക്ഷയും ലഭിച്ചേക്കുമെന്ന് സൂചന. എട്ടിനു ശേഷം കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ 60 ശതമാനം നികുതിയും നാലു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയും ലഭിച്ചേക്കുമെന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ അത് പാസാക്കിയെടുക്കാനും സര്‍ക്കാര്‍ ശ്രമം നടക്കുന്നുണ്ട്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട കണക്കില്‍പ്പെടാത്ത പണത്തിനുമേല്‍ നികുതി ചുമത്താന്‍ കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.