ഡല്‍ഹി • കൂടുതല്‍ കള്ളപ്പണം പുറത്തു കൊണ്ടുവരാനും ഈ തുക രാജ്യത്തിന്‍റെ വികസന ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു. ഇതനുസരിച്ച് 500, 1000 രൂപയുടെ കണക്കില്‍പ്പെടാത്ത നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അവ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന (ദരിദ്രക്ഷേമ പദ്ധതി) ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിക്കുന്ന തുകയ്ക്ക് 50% നികുതി ഈടാക്കും. ഡിസംബര്‍ 30നു ശേഷവും കള്ളപ്പണം നിക്ഷേപിക്കാതിരിക്കുകയും അത് ആദായനികുതി വകുപ്പു കണ്ടെത്തുകയും ചെയ്താല്‍ 90% നികുതി നല്‍കേണ്ടിവരുമെന്നു മാത്രമല്ല, നിയമ നടപടികള്‍ക്കു വിധേയരാവുകയും ചെയ്യും. ഇവര്‍ക്കു പരമാവധി നാലുവര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. നിലവിലുള്ള ആദായനികുതി നിയമത്തില്‍ ഇത്തരം ശിക്ഷാനടപപടികള്‍ക്കു വ്യവസ്ഥയില്ല. ഇവകൂടി ഉള്‍പ്പെടുത്തിയ ഭേദഗതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇവ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി അനുമതി നല്‍കിയാല്‍ ഈ ആഴ്ച തന്നെ ഇവ ഭേദഗതികളായി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
1 : ബാങ്ക് അക്കൗണ്ടുകളില്‍ ഇതുവരെ വെളിപ്പെടുത്താത്ത പഴയ 500, 1000 നോട്ടുകളുടെ നിക്ഷേപം സമര്‍പ്പിക്കാം. ഇവയ്ക്ക് 50% നികുതി ചുമത്തും. (30% ആദായനികുതിയും 20% പിഴയും). ബാക്കി 50% തുകയില്‍ 25% തുക നാലുവര്‍ഷത്തേക്കു പിന്‍വലിക്കാനാവില്ല. ഇതിനു പലിശയും ലഭിക്കില്ല. ബാക്കി 25% തുക പിന്‍വലിക്കാം.
2 : പഴയ നോട്ടുകള്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനപ്രകാരം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഇതിന് 50% നികുതി നല്‍കണം. എന്നാല്‍ ബാക്കി തുകയ്ക്കു പിന്നീട് ആദായനികുതി ഈടാക്കില്ല. എന്നാല്‍ നാലുവര്‍ഷത്തിനു ശേഷമേ ഈ ബോണ്ടുകള്‍ ഭാഗികമായെങ്കിലും പിന്‍വലിക്കാന്‍ കഴിയൂ.
3 : ഡിസംബര്‍ 30 വരെയും കള്ളപ്പണം വെളിപ്പെടുത്താതിരിക്കുകയും പിന്നീട് ആദായനികുതി വകുപ്പ് അതു കണ്ടെത്തുകയും ചെയ്താല്‍ 90% നികുതി അടയ്ക്കേണ്ടി വരും – 30% ആദായനികുതിയും 60% പിഴയും. ഇങ്ങനെ കണ്ടെത്തുന്ന തുകയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവില്ല. എന്നാല്‍ ഉറവിടം വെളിപ്പെടുത്താനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കഴിയുന്നില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കു വിധേയരാകേണ്ടി വരും. നാലുവര്‍ഷം വരെ തടവു ലഭിക്കുകയും ചെയ്യാം. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തി കള്ളപ്പണം പ്രഖ്യാപിച്ചാല്‍ അതു മുഴുവനും വിപണിയിലേക്കു തിരിച്ചെത്തുന്നതു തടയാനാണ് 50% നികുതിയും നാലുവര്‍ഷത്തെ പിന്‍വലിക്കല്‍ നിരോധനവും ഏര്‍പ്പെടുത്തുന്നത്. ഇങ്ങനെ ചെയ്യാനും നിലവിലുള്ള ആദായനികുതി നിയമത്തില്‍ വ്യവസ്ഥയില്ല. അതിനാണു ഭേദഗതി കൊണ്ടുവരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം സാമൂഹികക്ഷേമ പരിപാടികള്‍ക്കു പ്രയോജനപ്പെടുത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
ദരിദ്രരുടെ ഉന്നമനത്തിനായി കൊണ്ടുവന്നിട്ടുള്ള പദ്ധതികളിലാവും ഇതു ചെലവഴിക്കുക. കൂടുതലായും അവികസിതമായ ഗ്രാമീണ മേഖലകളില്‍ ഇവ ചെലവഴിക്കാനാണു കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. സത്യസന്ധരായ നികുതിദായകര്‍ കൈവശമുള്ള പണം ബാങ്ക് വഴി വെളിപ്പെടുത്തുമ്ബോള്‍ അവര്‍ക്കു ചുമത്തുന്ന അതേ നികുതി തന്നെ കള്ളപ്പണക്കാര്‍ക്കും ചുമത്തിയാല്‍ പോരാ എന്നാണു സര്‍ക്കാരിന്റെ നിലപാട്. അതിനാണു നിയമഭേദഗതിയിലൂടെ 50% നികുതിയും 90% നികുതിയും ചുമത്താന്‍ വകുപ്പു കണ്ടെത്തുന്നത്.