ദില്ലി: പുതിയ നോട്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാകപമായതോടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. പണം വെളുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ നിയമത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടില്ലെന്നും ധനകാര്യ സെക്രട്ടറി ശശികാന്ത ദാസ് ട്വീറ്റ് ചെയ്തു. ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
രാജ്യമെങ്ങുമായി ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. പലയിടത്തുനിന്നും പുതിയ നോട്ടുകള്‍ കണ്ടെടുക്കകയും ചെയ്തു. ബെംഗളുരുവില്‍ നടത്തിയ റെയ്ഡില്‍ 4.7 കോടി രൂപയുടെ പുതിയ കറന്‍സികളാണ് കണ്ടെടുത്തത്. ഇതോടെ പുതിയ കറന്‍സികള്‍ നല്‍കുന്ന ബാങ്കുകള്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായ പണം കണ്ടെത്തിയാല്‍ 85 ശതമാനം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നു. അതേസമയം, സര്‍ക്കാര്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കുമ്ബോഴും കള്ളപ്പണം വെളുപ്പിക്കല്‍ വലിയതോതില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില വാര്‍ത്താ ചാനലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനായി ഏജന്റുകള്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചു. എത്ര പണം വേണമെങ്കിലും പുതിയ കറന്‍സിയിലേക്ക് മാറ്റി നല്‍കുന്ന ഏജന്റുമാരും ഇടനിലക്കാരുമാണ് രംഗത്തുള്ളത്. 50 ശതമാനം വരെ കമ്മീഷന്‍ നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നത്.