ന്യൂഡല്‍ഹി : രാജ്യത്ത് കള്ളപ്പണം കണ്ടെത്തുന്നതിനായി ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. ഡല്‍ഹിയില്‍ നിന്നും 3.25 കോടിയുടെ നിരോധിച്ച കറന്‍സിയും ബംഗളൂരുവില്‍ നിന്നും 2.25 കോടിയുടെ പുതിയ കറന്‍സി നോട്ടുകളും പിടികൂടി. ചണ്ഡീഗഢില്‍ നടത്തിയ റെയ്ഡില്‍ രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. ഇതില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളാണ്. ഗോവയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 67 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തു. ഡല്‍ഹി കരോള്‍ഭാഗ് റോഡിലെ ഹോട്ടല്‍ മുറിയില്‍ കാര്‍ബോര്‍ഡ് ബോക്സിലാക്കിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പും, ഡല്‍ഹി പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. എക്സറേ മെഷീനുകളില്‍ കാണാതിരിക്കാന്‍ പ്രത്യേക രീതിയില്‍ പാക്ക് ചെയ്ത ശേഷം വിമാനത്താവളം വഴി പണം കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഹവാല സംഘമാണ് പിടിയിലായത്.