ന്യൂഡല്‍ഹി: പൂണെയിലെ വിവിധ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് 10 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചടുത്തു. ഇതില്‍ 8.8 കോടി രൂപ പുതിയ നോട്ടുകളാണ്. ബാക്കി പണം നൂറ് രൂപ നോട്ടുകളായാണ് സൂക്ഷിച്ചിരിക്കുന്നത്.
ഒരാളുടെ തന്നെ 15 ലോക്കറുകളില്‍ നിന്നാണ് ഇത്രയും തുക പിടിച്ചടുത്തത്. മഹാരാഷ്ട്ര ബാങ്കിന്റെ പാര്‍വതി ബ്രാഞ്ചില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തത്. ക്രമരഹിതമായ പ്രവര്‍ത്തനം ലോക്കറുകളില്‍ നടന്നതായി ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു. നോട്ട് അസാധുവാക്കിയ തൊട്ടടുത്ത ദിവസങ്ങളില്‍ 12 തവണയിലധികം ബാങ്ക് ലോക്കറുകള്‍ ഉപയോഗിച്ചതായും അറിഞ്ഞു. ആദായ നികുതി വകുപ്പ് ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വലിയ ബാഗുകളും സഹായികളുമായി ഉള്ളിലേക്ക് കയറുകയും പുറത്തിറങ്ങുകയും ചെയ്യുന്ന ഉടമയെ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ ബാങ്കിന്‍റെ രേഖകളില്‍ കുറിച്ച സമയവും സി സി ടി വി ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയ സമയവും തമ്മില്‍ വലിയ അന്തരമുണ്ട്.