ബിനാമി സ്വത്ത് കണ്ടെത്താനുള്ള നാടകീയ നടപടികള്‍ സര്‍ക്കാര്‍ ഡിസംബര്‍ മുപ്പതിന് ശേഷം പ്രഖ്യാപിക്കും. ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാന്‍ കര്‍ശന ചട്ടങ്ങള്‍ വരും. ഇപ്പോള്‍ നടക്കുന്ന കള്ളപ്പണവേട്ട സാംപിള്‍ മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച സമയത്ത് എല്ലാ നോട്ടുകളും ബാങ്കുകളിലെത്തുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. എന്നാല്‍ നോട്ടുകള്‍ ഏതാണ്ട് ബാങ്കിലേക്ക് തിരിച്ചെത്തുമ്ബോള്‍ ഇതില്‍ കള്ളപ്പണം എത്രയെന്ന വലിയ പരിശോധനയ്ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ജന്‍ധന്‍ അക്കൗണ്ടിലേക്ക് വന്ന അധിക തുക ഏതാണ്ട് പൂര്‍ണ്ണമായും പരിശോധിക്കും. സംശയകരമായ ഇടപാടുകള്‍ അറിയാനുള്ള സാങ്കേതിക സംവിധാനം, എസ്ടിആര്‍, വഴി ഇതിനകം നാലു ലക്ഷത്തിലധികം വലിയ ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.
ഇവയാകും ആദ്യം പരിശോധിക്കുക. ഇതിന് കുറഞ്ഞത് ആറു മാസം സമയം എങ്കിലും വേണം. വന്നപണം കള്ളപ്പണമാണെങ്കില്‍ തന്നെ അത് സര്‍ക്കാരിലേക്ക് എത്താന്‍ നിയമനടപടികള്‍ കഴിഞ്ഞ് ഏറെ സമയമെടുക്കും. ബിനാമി സ്വത്ത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ആവും സര്‍ക്കാരിന്റെ അടുത്ത നടപടി. ബാങ്ക് ലോക്കറുകളില്‍ സര്‍ക്കാര്‍ പിടിമുറുക്കുമോ എന്ന ചോദ്യമാണ് അടുത്തുയരുന്നത്. മഹാരാഷ്ട്രയിലെ ബാങ്കില്‍ ലോക്കര്‍ പിടിച്ചെടുത്ത് പരിശാധന നടത്തി. കള്ളപ്പണത്തിന് ലോക്കറുകള്‍ മറയാക്കുന്നതിനെതിരെ കര്‍ശന ചട്ടങ്ങള്‍ വരും. 3500 കോടി രൂപയുടെ കള്ളപ്പണം റെയിഡുകളില്‍ ഇതുവരെ പിടിച്ചെടുത്തു.ഇത് സാംപിള്‍ മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുമ്ബോള്‍ ഡിസംബര്‍ മുപ്പതിനു ശേഷം പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കാം.