മലപ്പുറം: മലപ്പുറത്ത് കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി. ഹോമിയോ ഡി.എംഒയുടെ കാറിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ നിന്നും ഒരു കത്തും പെന്‍ഡ്രൈവും കണ്ടെടുത്തിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഗോമാംസം കഴിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടയാള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു കത്താണ് കണ്ടെടുത്തിരിക്കുന്നത്. ‘ദ ബേസ് മൂവ്മെന്റ്’എന്ന് പതിച്ചിട്ടുള്ള ഒരു ബോക്സും സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഡിഎംഒയുടെ കാറില്‍ പൊട്ടിത്തെറി ഉണ്ടായത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കരിമരുന്നിന്റെ മണം ഇവിടെ നിന്നും വന്നിരുന്നതായി സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. ഡി.എം.ഒ വാടകയ്ക്കെടുത്ത കാറാണ് ഇത്. കൊല്ലം കളക്ട്രേറ്റില്‍ നടന്ന സ്ഫോടനവുമായി ഇതിന് സാമ്യമുള്ളതായാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ അന്ന് കൊല്ലം കളക്ടറായിരുന്ന ഷൈനാമോളാണ് ഇപ്പോള്‍ മലപ്പുറം കളക്ടര്‍ എന്നതും ശ്രദ്ധേയമാണ്. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്.