മുംബൈ: പഠിക്കാതെ നേടിയ ബിരുദം തിരിച്ചെടുക്കാന്‍ മുംബൈ സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. വൈഭവ് പാട്ടീല്‍(26) എന്ന യുവാവാണു ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി ഹര്‍ജിതള്ളി. ചോദ്യക്കടലാസ് ചോര്‍ത്തിയാണു താന്‍ എന്‍ജിനിയറിങ് പാസായതെന്നു യുവാവു പറയുന്നു. സര്‍വകലാശാല നിയമപ്രകാരം ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ വകുപ്പില്ലെന്നു നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരനെ നിയമനടപടി ഉള്‍പ്പടെയുള്ള കുഴപ്പങ്ങളില്‍ ചാടിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നു വ്യക്തമാക്കി.2011 മെയ്ലായിരുന്നു യുവാവ് ബിരുദം നേടിയത്. പണം കൊടുത്തു ചോദ്യക്കടലാസ് ചോര്‍ത്തിയാണു താന്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയതെന്നു യുവാവ് കുറ്റംസമ്മതം നടത്തി.പരീക്ഷ പാസായെങ്കിലും പ്രവൃത്തിയുടെ കുറ്റബോധം തന്നെ വേട്ടയാടുന്നു. ഇതു മൂലം ജോലി ചെയ്യാനോ ബിസിനസ് നടത്താനോ തനിക്കു കഴിയുന്നില്ല എന്നു യുവാവു പറഞ്ഞു. ബിരുദം തിരിച്ചെടുക്കണം എന്നു സര്‍വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടു എങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.വിധിയില്‍ നിരാശയുണ്ടെന്നും അത് അംഗീകരിച്ച് പുതിയ മനുഷ്യനായി ജീവിക്കുമെന്നുമായിരുന്നു വിധി കേട്ട ശേഷം പാട്ടീലിന്‍റെ പ്രതീകരണം.