പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി

14

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കരാർ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം.

സമയബന്ധിതമായി പണി പൂർത്തിയാക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ നടപടി പൊതുമരാമത്ത് പ്രവർത്തനങ്ങളിൽ കൂടുതൽ ഗുണമേൻമ ഉറപ്പാക്കാനും സമയബന്ധിതമായി കരാർ പൂർത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും 2022-2023 സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സാങ്കേതികതയുടെ പുതിയ സാധ്യതകൾ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെഎച്ച്.ആർ.ഐ ആയിരിക്കും ഈ പരിശീലനം ആസൂത്രണം ചെയ്യുന്നത്. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ കരാറുകാർക്കുള്ള ആശങ്ക ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുഴിയില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റാൻ റണ്ണിംഗ് കോൺട്രാക്റ്റ് രാജ്യത്താദ്യമായി നടപ്പാക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ട്.

കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും ദേശീയപാത വികസനം പോലെ സിൽവർലൈനും കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS