തിരുവനന്തപുരം: ലോക്ക് ഡൗണിൽ കുടുങ്ങി മറ്റു സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് കേരളത്തിലേക്കു തിരികെ പ്രവേശിക്കുന്നതിനായി നൽകുന്ന പാസ് ഉടൻ വിതരണം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിനായി നോർക്കയുടെ വെബ്സൈറ്റിൽ രണ്ടുലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്ഥിതി വിലയിരുത്തിയശേഷം മാത്രമേ പാസ് നൽകുകയുള്ളു. പരിശോധന ഇല്ലാതെ വരുന്ന പ്രവാസികൾ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിജിറ്റൽ പാസ് വിതരണം താത്കാലികമായി നിർത്തിയിരുന്നു. സംസ്ഥാനത്ത് മടങ്ങിയെത്തിയവരുടെ ക്വാറന്റൈൻ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായി ശേഖരിച്ച ശേഷം ഡിജിറ്റൽ പാസ് വിതരണം ആരംഭിച്ചാൽ മതിയെന്ന നിർദേശമാണ് നല്കിയിട്ടുള്ളത്.