റിയോ∙ ഒളിംപിക്സ് ഫുട്ബോളിൽ ആദ്യ സ്വർണമണിഞ്ഞ് ബ്രസീൽ. പെനൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ ജർമനിയെ 5–4ന് തോൽപ്പിച്ചാണ് ബ്രസീൽ വിജയം നേടിയത്. ഒളിംപിക്സിൽ ബ്രസീലിന്റെ ആദ്യ സ്വർണമാണിത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോളുകൾ നേടി ഇരുടീമും തുല്യത പാലിച്ചു.
ആദ്യ പകുതിയിൽ നെയ്മർ തൊടുത്ത ഫ്രീകിക്കിലൂടെ ബ്രസീൽ ലീഡ് നേടി. എന്നാൽ 59–ാം മിനിറ്റിൽ ക്യാപ്റ്റൻ മാക്സിമില്ല്യൻ മേയറിലൂടെ ജർമനി തിരിച്ചടിച്ചു. തുടർന്ന് ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. പിന്നീട് അധികസമയത്തിലേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മൽസരത്തിൽ ജയം ബ്രസീലിനൊപ്പം നിന്നു.
ജർമനിക്കു വേണ്ടി നാലു താരങ്ങൾ ലക്ഷ്യം കണ്ടപ്പോൾ നിൽസ് പീറ്റേഴ്സണ് മാത്രം പിഴച്ചു. ബ്രസീലിനു വേണ്ടി അവസാന കിക്കെടുക്കാനെത്തിയത് ക്യാപ്റ്റൻ നെയ്മർ. ജർമൻ ഗോളിയെ നിഷ്പ്രഭനാക്കി അവസാന ഷോട്ട് വലകുലുക്കിയപ്പോൾ ബ്രസീൽ സ്വന്തമാക്കിയത് ആദ്യ ഒളിംപിക്സ് സ്വർണം.